Latest NewsSports

മാനസിക ആരോഗ്യം ശരിയല്ല; ക്രിക്കറ്റില്‍നിന്ന് ബ്രേക്ക് എടുത്ത് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഡികോക്ക്

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്ക് മാനസിക പ്രശ്നങ്ങളെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് ആഭ്യന്തര ക്രിക്കറ്റില്‍നിന്ന് ഉള്‍പ്പടെ അദ്ദേഹം ബ്രേക്ക് എടുത്തത്. ദക്ഷിണാഫ്രിക്ക ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ (സാക) ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ ബ്രീറ്റ്‌സ്‌കെ ഇ‌എസ്‌പി‌എന്‍‌ക്രിന്‍‌ഫോ വെബ്‌സൈറ്റിനോടാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഡി കോക്ക് കുറച്ച്‌ ആഴ്ചകള്‍’ കളിയില്‍ നിന്ന് അവധിയെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദഗ്ദ്ധ ഉപദേശ പ്രകാരമാണ് ഡി കോക്കിന് അവധി അനുവദിച്ചതെന്നും, അദ്ദേഹത്തെ നല്‍കി വരുന്ന പിന്തുണ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് അസോസിയേഷന്‍ തുടരുമെന്നും ബ്രീറ്റ്സ്കെ പറഞ്ഞു. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്ബരയില്‍ തോറ്റതോടെ കഴിഞ്ഞ ആഴ്ച ഡി കോക്ക് നാട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു. 2020 ഒടുവിലാണ് പാകിസ്ഥാന്‍ പര്യടനത്തിനായി ദക്ഷിണാഫ്രിക്കന്‍ ടീം എത്തിയത്. എന്നാല്‍ പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചില്ല.

പരമ്ബര തോറ്റതോടെ ടെസ്റ്റ് ക്യാപ്റ്റന്‍റെ താല്‍ക്കാലിത ചുമതല ഏറ്റെടുത്ത ഡി കോക്കിന് രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ കോവിഡ് മാനദണ്ഡ പ്രകാരമുള്ള ബയോ ബബിളില്‍ കഴിയേണ്ടി വരുന്നത് തന്നെ ഏറെ ബാധിക്കുന്നതായും ടെസ്റ്റില്‍ ക്യാപ്റ്റനാകാന്‍ താല്‍പര്യമില്ലായിരുന്നുവെന്നും താല്‍ക്കാലികമായി ഏറ്റെടുത്തതാണെന്നും ഡി കോക്ക് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കനത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ച ഡി കോക്ക് വിദഗ്ദ്ധ ചികിത്സ തേടിയത്. ഡി കോക്ക് ക്ലിനിക്കല്‍ ഡിപ്രഷന്‍ അനുഭവിക്കുന്നതായി ഡോക്ടര്‍മാര്‍ വിലയിരുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കുറച്ചു കാലം ക്രിക്കറ്റില്‍നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ദേശിച്ചത്.

ഇംഗ്ലണ്ടിലെ ലോകകപ്പ് തോല്‍വിക്കു ശേഷമാണ് ഫാഫ് ഡുപ്ലെസിസിന്‍റെ പിന്‍ഗാമിയായി ഡി കോക്ക് ഏകദിന, ടി20 ടീമുകളുടെ നായകനായത്. അതിനുശേഷം അദ്ദേഹം ടെസ്റ്റ് ടീമിന്‍റെ താല്‍ക്കാലിക ക്യാപ്റ്റനാകുകയും ചെയ്തു. ശ്രീലങ്കയെ അവരുടെ നാട്ടില്‍ പരാജയപ്പെടുത്താനും ഡി കോക്കിന്‍റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ സാധിച്ചിരുന്നു. എന്നാല്‍ ശ്രീലങ്കയില്‍നിന്ന് പാകിസ്ഥാനിലേക്ക് തിരിക്കുന്നതിന് മുമ്ബ് ബയോ ബബിളില്‍ കഴിയേണ്ടി വരുന്നതിലുള്ള ആശങ്ക ഡി കോക്ക് പ്രകടിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button