സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കലും കുടുങ്ങും, സി.ബി.ഐ അപ്പീല്‍ നല്‍കുന്നു.

തിരുവനന്തപുരം / സിസ്റ്റര്‍ അഭയ കൊലക്കേസില്‍ രണ്ടാം പ്രതിയായിരുന്ന ഫാ. ജോസ് പൂതൃക്കലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെതിരെ സി.ബി.ഐ ഉടന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കും. ഫാ. ജോസ് പൂതൃക്കൽ കേസിൽ നിന്ന് രക്ഷപെടുന്നത് സി.ബി.ഐയിലെ ഒരു എസ്.ഐയുടെ പിഴവ് മൂലമാണ്. പൂതൃക്കയിലിനെ വിചാരണ കൂടാതെ വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ ഉടന്‍ നല്‍കുമെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ ആണ് വിചാരണ കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചത്.
കൊലപാതകം നടന്ന ദിവസം രാത്രി മോഷണത്തിനായി കോണ്‍വന്റിലെത്തിയ അടയ്ക്കാ രാജു നല്‍കിയ മൊഴിയില്‍ ഫാ.ജോസ് പൂതൃക്കയിലിനെയും ഒന്നാം പ്രതി ഫാ. തോമസ് കോട്ടൂര്‍ തെള്ളകത്തെയും അവിടെ കണ്ടതായി പറഞ്ഞിട്ടുള്ളതാണ്. അടയ്ക്കാ രാജുവിന്റെ ഈ നിർണായക മൊഴിയാണ് കേസില്‍ പ്രതികളെ കണ്ടെത്താന്‍ സി ബി ഐയെ സഹായിക്കുന്നത്. അഭയ കൊല്ലപ്പെട്ട കോണ്‍വെന്റിന് എതിര്‍വശത്തെ ജറുസലേം ചര്‍ച്ചിലെ നൈറ്റ് വാച്ച്‌മാനായിരുന്ന ചെല്ലമ്മദാസ് സി.ബി.ഐക്ക് നല്‍കിയ മൊഴിയും പൂതൃക്കയിലിന് എതിരായിരുന്നു. അഭയ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് പൂതൃക്കയിലെന്ന് കരുതുന്നയാള്‍ സ്‌കൂട്ടറിലെത്തി കോണ്‍വെന്റിന്റെ മതില്‍ ചാടിക്കടക്കുന്നത് കണ്ടതായാണ് മൊഴി പറഞ്ഞിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ഇത്തരത്തിൽ കണ്ടതായും മൊഴിയുണ്ടായിരുന്നതാണ്. എന്നാല്‍ അഭയ കൊല്ലപ്പെട്ട ദിവസമാണോ പൂതൃക്കയിലിനെ കണ്ടതെന്ന് മൊഴി രേഖപ്പെടുത്തിയ സി.ബി.ഐ എസ്.ഐ ചോദിച്ചറിഞ്ഞില്ല എന്നതാണ് ഗുരുതരമായ പിഴവാകുന്നത്. 2014ല്‍ ചെല്ലമ്മദാസ് മരിച്ചു. അതിനാല്‍ അദ്ദേഹത്തെ വിചാരണ നടത്താനായിയിരുന്നില്ല. തീയതി രേഖപ്പെടുത്താതിരുന്ന സി.ബി.ഐ ഉദ്യോഗസ്ഥന്റെ പിഴവ് പൂതൃക്കയില്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നതോടെയാണ് വിചാരണ കൂടാതെ പൂതൃക്കയിലിനെ വിട്ടയയ്ക്കാന്‍ വിചാരണക്കോടതി അന്ന് ഉത്തരവിടുന്നത്. രണ്ടു പേരെ കോണ്‍വെന്റില്‍ കണ്ടതായി അവിടെ മോഷണത്തിനെത്തിയ അടയ്ക്കാ രാജുവും മൊഴി നല്‍കിയിരുന്നു. പക്ഷേ പൂതൃക്കയിലിനെതിരായ തെളിവുകള്‍ സമര്‍ത്ഥിക്കാന്‍ അന്നത്തെ പ്രോസിക്യൂട്ടറും പരാജയപ്പെടുകയായിരുന്നു. പൂതൃക്കയിലിനെ വിട്ടയച്ചതിനെതിരെ ജോമോന്‍ പുത്തൻപുരക്കൽ അപ്പീലുമായി കോടതിയെ സമീപിച്ചിരുന്നെങ്കിലും, സി.ബി.ഐയാണ് അപ്പീൽ ഫയല്‍ ചെയ്യേണ്ടതെന്ന് ഹൈക്കോടതി അന്ന് പറയുകയായിരുന്നു.