നൂറു ദിന പരിപാടിയുടെ ഭാഗമായി 10,000 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. മുഖ്യമന്ത്രി.

തിരുവനന്തപുരം / സർക്കാരിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് 10,000 കോടിരൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് മാന്ദ്യത്തിൽനിന്ന് പുറത്തു കടക്കാനാണ് ഈ പരിപാടി വിഭാവനം ചെയ്തിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം ഘട്ട നൂറുദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തില്‍ 50,000 പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. സൗജന്യ പലവ്യഞ്ജന കിറ്റുകള്‍ അടുത്ത നാലു മാസം കൂടി എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും റേഷന്‍ കടകള്‍ വഴി നല്‍കും. 2021 ജനുവരി 1 മുതല്‍ ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വര്‍ധിപ്പിച്ച് 1500 രൂപയാക്കി ഉയര്‍ത്തും. 20 മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളായും 5 എണ്ണം സൂപ്പര്‍ സ്റ്റോറുകളായും ഉയര്‍ത്തും, 847 കുടുംബ ശ്രീ ഭക്ഷണശാലകള്‍ക്ക് പുറമെ 153 എണ്ണം പുതിയത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂറ് ദിവസത്തിനുള്ളിൽ 5700 കോടിരൂപയുടെ പദ്ധതികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടിയുടെ 644 പദ്ധതികൾക്ക് തുടക്കം കുറിക്കും. പൂർത്തീകരിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു.