Kerala NewsLatest NewsLaw,News

തര്‍ക്കം മുല്ലപ്പെരിയാറില്‍ നില്‍ക്കില്ല; മംഗാളാദേവി ക്ഷേത്രവും സുപ്രീംകോടതിയിലേക്ക്

ഇടുക്കി: കേരളവും തമിഴ്‌നാടും തമ്മില്‍ മുല്ലപ്പെരിയാര്‍ പോലെ തര്‍ക്കം നിലനില്‍ക്കുന്ന ഒന്നാണ് കുമളി മംഗളാദേവി കണ്ണകി ക്ഷേത്രത്തിന്റെ അവകാശ തര്‍ക്കം. വാദം മുന്‍ നിര്‍ത്തി തമിഴ്‌നാടിനു പിന്നാലെ കേരള മംഗളാദേവി ട്രസ്റ്റും സുപ്രീംകോടതിയിലേക്ക് പോവുകയാണ്.

കണ്ണകി ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല തങ്ങളെ ഏല്‍പ്പിക്കണമെന്ന ആവശ്യവുമായി അടുത്തിടെ തമിഴ്‌നാട് കണ്ണകി ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കേരളത്തിലെ ശ്രീ മംഗളാദേവി ക്ഷേത്ര ചാരിറ്റബിള്‍ ട്രസ്റ്റും സുപ്രീംകോടതിയെ സമീപിക്കുന്നത്.

കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവിയിലാണ് കണ്ണകി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1980കളില്‍ തമിഴ്‌നാട് അവകാശവാദം ഉന്നയിച്ചതോടെ ക്ഷേത്രത്തിന്റെ പേരില്‍ ഉടമസ്ഥാവകാശ തര്‍ക്കം ഉടലെടുത്തു. വിഷയം കോടതി കയറിയതോടെ എല്ലാവര്‍ഷവും ചൈത്രമാസത്തിലെ പൗര്‍ണമി നാളില്‍ മംഗളാദേവി നടത്തിയിരുന്ന ചിത്രാപൗര്‍ണമി ഉത്സവം തമിഴ്‌നാടും കേരളവും സംയുക്തമായാണ് നടത്തി വന്നിരുന്നത്.

ഇതിനിടയിലാണ് കണ്ണകി ക്ഷേത്രത്തിന്റെ പേരില്‍ വീണ്ടും വിവാദങ്ങള്‍ ആരംഭിക്കുന്നത്. ചേരന്‍ ചെങ്കുട്ടുവന്റെ കാലത്ത് നിര്‍മിച്ചിട്ടുള്ളതിനാല്‍ ചരിത്രപരമായി ചേരമര്‍ സമൂഹത്തിന്റെ കുലദൈവ പ്രതിഷ്ഠയാണ് മംഗളാദേവിയിലെ കണ്ണകി ക്ഷേത്രം. ഇതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിനു പിന്നാലെ കണ്ണകി ക്ഷേത്ര വിഷയവും കേരള-തമിഴ്‌നാട് തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതി കയറുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button