ഈന്തപ്പഴ വിതരണം ഐടി എം ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം.

യുഎഇ കോൺസുലേറ്റ് വഴി പ്രോട്ടോകോളുകൾ ലംഘിച്ചു കൊണ്ടുവന്ന ഈന്തപ്പഴ വിതരണം ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് സാമൂഹ്യനീതി വകുപ്പ്. സാമൂഹ്യനീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലായിരുന്നു ഈന്തപ്പഴ വിതരണം നടന്നത്. ഐടി സെക്രട്ടറി ഈന്തപ്പഴ വിതരണ ത്തിന് നിര്‍ദേശിച്ചതിന്റെ കാരണങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നതിനിടെയാണ് ഇത് സംബന്ധിച്ച വിവരാവകാശ രേഖ പുറത്ത് വന്നിരിക്കുന്നത്.
സാമൂഹ്യനീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങളില്‍ 9973.50 കിലോ ഈന്തപ്പഴ വിതരണം ചെയ്തതെന്ന് രേഖകള്‍ പറയുന്നു. 39,894 പേര്‍ക്ക് 250 ഗ്രാം വീതം വിതരണം ചെയ്തതെന്നും,തൃശൂര്‍ ജില്ലയിലാണ് കൂടുതല്‍ ഈന്തപ്പഴ വിതരണം നടന്നതെന്നും രേഖകൾ പറയുന്നുണ്ട്. 1257.25 കിലോയാണ് തൃശൂര്‍ ജില്ലയില്‍ വിതരണം ചെയ്തത്. 234 കിലോ വിതരണം ചെയ്ത ആലപ്പുഴയില്‍ ആണ് ഏറ്റവും കുറവ് വിതരണം നടന്നത്. മലപ്പുറത്ത് 1195 ഉം എറണാകുളത്ത് 1060.6 ഉം പാലക്കാട് 1012.75 ഉം കിലോ വീതം ഈന്തപ്പഴം വിതരണം ചെയ്തു. ആരുടെ നിര്‍ദേശപ്രകാരമാണ് വിതരണമെന്ന ചോദ്യത്തിന് ഐ ടി സെക്രട്ടറി എന്ന മറുപടി സാമൂഹ്യനീതി വകുപ്പ് നല്‍കിയിരിക്കുന്നു.മൂന്ന് വര്‍ഷം കൊണ്ട് 17,000 കിലോ ഈന്തപ്പഴം നികുതിയില്ലാതെ യുഎഇയില്‍ നിന്ന് എത്തിച്ച് സംസ്ഥാനത്ത് വിതരണം ചെയ്തത്. ഇത്രയധികം ഈന്തപ്പഴം വാണിജ്യ ആവശ്യത്തിനല്ലാതെ ഇറക്കുമതി ചെയ്തതില്‍ ചട്ടലംഘ നമുണ്ടെന്നാണ് കസ്റ്റംസ് ഉന്നയിക്കുന്ന ആരോപണം. ഈന്തപ്പഴ വിതരണത്തിന്റെ മറവിൽ സ്വപ്‌ന സുരേഷും കൂട്ടുപ്രതികളും സ്വർണക്കടത്ത് നടത്തിയിട്ടുണ്ടോ എന്നും ഈന്തപ്പഴ വിതരണത്തിൽ പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടുണ്ടോ എന്നും കസ്റ്റംസ് പരിശോധിക്കുകയാണ്.