ആഫ്രിക്കയില്‍ 25,000 കോടിയുടെ രത്‌നഖനനം, 20,000 പേര്‍ക്ക് തൊഴില്‍ സാധ്യത;പി.വി അന്‍വര്‍ നാട്ടിലേക്ക്

രണ്ട് മാസമായി പശ്ചിമ ആഫ്രിക്കയിലുള്ള പി.വി അന്‍വര്‍ എംഎല്‍എ വ്യാഴാഴ്ച നാട്ടിലേക്ക് മടങ്ങും. ഫേസ്ബുക്കിലെ വീഡിയോ സന്ദേശത്തിലൂടെ അന്‍വര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ബിസിനസ് ആവശ്യത്തിനായാണ് പശ്ചിമ ആഫ്രിക്കയിലെത്തിയത്. നാട്ടിലെ ബിസിനസുകളില്‍ വലിയ തകര്‍ച്ച നേരിട്ടതിനുപിന്നാലെ എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ ഒരു അത്ഭുതം സംഭവിച്ചതുപോലെയാണ് താന്‍ സിയെറ ലിയോണിലെത്തിയത്. 25000 കോടിയുടെ രത്നഖനന പദ്ധതിക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരഭമാണ്. ഖനനം, കൃഷി, ആരോഗ്യം എന്നീ മേഖലകളില്‍ ആറായിരം മലയാളികള്‍ക്കും തൊഴില്‍ നല്‍കാനാകുമെന്നും അന്‍വര്‍ പറയുന്നു.
എല്ലാ വര്‍ഷവും ഉംറക്കു പോകാറുള്ള താന്‍ അതിനിടെ കണ്ടുമുട്ടിയ ആഫ്രിക്കന്‍ വ്യവസായിയുമായുണ്ടായ സൗഹൃദമാണ് സിയെറ ലിയോണിലെത്തിച്ചതെന്ന് അന്‍വര്‍ വീഡിയോയില്‍ പറയുന്നു. 2018ലെ ഉംറ യാത്രയില്‍ താമസിച്ചിരുന്ന ഹോട്ടലില്‍വെച്ചാണ് പതിവായി കാണാറുള്ള ആഫ്രിക്കന്‍ വ്യവസായ പ്രമുഖനെ പരിചയപ്പെടുന്നത്. കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ അവിടെ ഒരു വ്യവസായി സുഹൃത്തുണ്ടായിരുന്നെന്നും അദ്ദേഹം മരിച്ചുപോയെന്നും വ്യവസായി പറഞ്ഞു.
നൂര്‍ദ്ദീന്‍ എന്നാണ് ആ മലയാളി സുഹൃത്തിന്റെ പേര്, എന്നാല്‍ നാട് ഏതാണെന്ന് ഓര്‍മയില്ലെന്നും അദ്ദേഹം പറഞ്ഞു. കൗതുകം കൊണ്ട് ഫോണിലുള്ള ഒരു ഫോട്ടോ കാണിച്ചു. ഭാര്യ ഷീജയുടെ പിതാവിന്റെ പേര് നൂര്‍ദ്ദീന്‍ എന്നായിരുന്നു. അദ്ദേഹം പഴയകാല കശുവണ്ടി വ്യവസായിയാണ്. ഫോട്ടോ കാണിച്ചപ്പോള്‍ ഇദ്ദേഹം തന്നെയാണ് തന്റെ സുഹൃത്തെന്ന് വ്യവസായി പറഞ്ഞു. അദ്ദേഹത്തിന്റെ മകളെയാണ് താന്‍ വിവാഹം ചെയ്തതെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വളരെ അത്ഭുതവും തന്നോട് വളരെ അടുപ്പവുമായി. പിന്നീടങ്ങോട്ടുള്ള ഞങ്ങളുടെ യാത്രയില്‍ മകനോട് കാണിക്കുന്ന സ്നേഹം അദ്ദേഹം കാണിക്കാന്‍ തുടങ്ങി.
ആ ബന്ധത്തെത്തുടര്‍ന്നാണ് സ്വര്‍ണ, രത്ന ഖനന വ്യവസായത്തില്‍ പങ്കാളിയാവാന്‍ തന്നെ അദ്ദേഹം വിളിച്ചത്. നാട്ടില്‍ നിന്നും പൂര്‍ണമായും മാറി നില്‍ക്കാന്‍ പറ്റുമോയെന്ന സംശയിച്ചിരുന്നു. എന്നാല്‍ നാട്ടില്‍ പ്രതിസന്ധിയായ ഘട്ടത്തിലാണ് പശ്ചിമ ആഫ്രിക്കയിലേക്ക് പോയത്. 25000 കോടിയുടെ രത്നഖനന പദ്ധതിക്കാണ് പശ്ചിമാഫ്രിക്കയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന സംരഭമാണിത്. ഖനനം, കൃഷി, ആരോഗ്യം എന്നീ മേഖലകളില്‍ ആറായിരം മലയാളികള്‍ക്കും ഇതിലൂടെ തൊഴില്‍ നല്‍കാനാവും. 750 ഡോളര്‍ മുതല്‍ 5000 ഡോളര്‍ വരെ ശമ്ബളം ലഭിക്കുന്ന തൊഴിലവസരങ്ങളുണ്ട്. എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ മിറാക്കിള്‍ പോലെയാണ് ആഫ്രിക്കയില്‍ നിന്നുള്ള സാധ്യത തുറന്നതെന്നും അദ്ദേഹം വിഡിയോ സന്ദേശത്തില്‍ പറയുന്നു.