നിശബ്ദനാക്കാൻ കഴിയില്ലെന്ന് ഡോണാൾഡ് ട്രംപ്.

വാഷിംഗ്ടണ് ഡിസി/ ട്രംപിന്റെ ട്വിറ്റർ അക്കൗണ്ട് എന്നന്നേക്കുമായി മരവിപ്പിച്ചതിനെതിരെ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. തന്നെ നിശബ്ദനാക്കാൻ കഴിയില്ലെന്ന് പറഞ്ഞ ട്രംപ്, ഡെമോക്രാറ്റുകളുമായി ചേർന്ന് ട്വിറ്റർ ജീവനക്കാർ അക്കൗണ്ട് നീക്കാൻ ഗൂഢോലാചന നടത്തുകയായിരുന്നു എന്നും, ഏഴരക്കോടി ദേശസ്നേഹികൾ തനിക്ക് വോട്ട് ചെയ്തതായും വ്യക്തമാക്കി.
ഡോണാൾഡ് ട്രംപിന്റെ അടുത്തിടെയുളള ട്വീറ്റുകൾ സൂക്ഷ്മമായി നിരീക്ഷിച്ചതിന് ശേഷമാണ് അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് ട്വിറ്റർ പറയുന്നത്. ട്രംപിന്റെ ട്വീറ്റുകൾ അക്രമത്തിന് പ്രേരണ നൽകിയേക്കാമെന്നും, ഇത് അപകടമുണ്ടാക്കാനുള്ള കാരണമായി മാറുമെന്നതുകൊണ്ടാണ് അക്കൗണ്ട് മരവിപ്പിച്ചതെന്നും ട്വിറ്റർ വ്യക്തമാക്കി. ബുധനാഴ്ച കാപ്പിറ്റോൾ മന്ദിരത്തിൽ നടന്ന ആക്രമണത്തിന് പിന്നാലെ ട്രംപിന്റെ ട്വിറ്റർ അക്കൗണ്ടിന് വിലക്കേർപ്പെടുത്തിയിരുന്നു. തുടർന്ന് അക്കൗണ്ട് തിരികെ ലഭിച്ചെങ്കിലും ട്രംപിന്റെ വെള്ളിയാഴ്ചത്തെ രണ്ടുട്വീറ്റുകളുടെ പശ്ചാത്തലത്തിൽ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാനുളള കടുത്ത തീരുമാനത്തിലേക്ക് ട്വിറ്റർ എത്തുകയായിരുന്നു.
അതെ സമയം, അധികാരം കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന ഡോണൾഡ് ട്രംപിന്റെ തീരുമാനം ഒരു നല്ല കാര്യമാണെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിട്ടുണ്ട്. ട്രംപ് രാജ്യത്തിന് നാണക്കേടാണ്. അദ്ദേഹം സേവനമനുഷ്ഠിക്കാൻ യോഗ്യനല്ലെന്നും ജോ ബൈഡൻ പറഞ്ഞു. ജോ ബൈഡന് അധികാരം കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ട്വിറ്ററിലൂടെയാണ് അറിയിച്ചിരുന്നത്.