‘500 മുഖ്യമന്ത്രിക്ക് വലിയ സംഖ്യ ആയിരിക്കില്ല, പക്ഷേ ഇത് തെറ്റാണ്’; ഞെട്ടലുണ്ടാക്കുന്നുവെന്ന് പാര്‍വതി
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനത്തിനെതിരെ നടി പാര്‍വതി തിരുവോത്ത്. 500 പേരെ ഉള്‍പെടുത്തിയുള്ള സത്യപ്രതിജ്ഞ ചടങ്ങ് തീര്‍ത്തും തെറ്റായ തീരുമാനമാണെന്ന് പാര്‍വതി ട്വീറ്റ് ചെയ്തു. 500 പേര് വലിയ സംഖ്യയല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയും പാര്‍വതി രംഗത്ത് വന്നു. കൊവിഡ് കാലത്ത് വളരെ ധാര്‍മികതയോടും ഉത്തരവാദിത്വത്തോടും കൂടി പ്രവര്‍ത്തിച്ച അതേ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള ഈ നടപടി തീര്‍ത്തും ഞെട്ടലുണ്ടാക്കുന്ന ഒന്നാണെന്ന് പാര്‍വതി പ്രതികരിച്ചു.
‘വിര്‍ച്വലായി ചടങ്ങ് നടത്തി സര്‍ക്കാര്‍ മാതൃക ആകണം. ഇത്രയും ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചടങ്ങ് ദയവായി ഒഴിവാക്കണം’-സിഎംഒ കേരളയെ ഉദ്ധരിച്ചുകൊണ്ടാണ് പാര്‍വതിയുടെ ട്വീറ്റ്. ‘500 പേര് എന്നത് വലിയൊരു സംഖ്യ അല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേസുകള്‍ ഇപ്പോഴും ഉയരുകയാണ്. നമ്മള് അന്തിമഘട്ടത്തില്‍ പോലും എത്തിയിട്ടില്ല. ഒരു മാതൃക സൃഷ്ടിക്കാന്‍ അവസരമുണ്ടായിരിക്കേ, ഇത്തരത്തിലൊരു തീരുമാനം സ്വീകരിച്ചത് തീര്‍ത്തും തെറ്റാണെ’ന്ന് പാര്‍വതി വ്യക്തമാക്കുന്നു.
അതേസമയം, സത്യപ്രതിജ്ഞ ഈ മാസം 20ന് മൂന്നര മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും 21 മന്ത്രിമാരും ഗവര്‍ണര്‍ മുമ്ബാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ക്ഷണിക്കപ്പെട്ട 500 പേര്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതിയുള്ളത്.