പാർലമെന്റ് പരിസരത്ത് രാത്രിയും സമരം തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ

പാർലമെന്റ്ര് വളപ്പിൽ രാത്രിയും സമരം തുടർന്ന് രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്ത എംപിമാർ. പാർലമെന്റിലെ ഗാന്ധി പ്രതിമക്ക് സമീപമാണ് എംപിമാർ സമരം ചെയ്യുന്നത്. സി പി എം നേതാക്കളായ എളമരം കരീം, കെ കെ രാഗേഷ്, തൃണമൂൽ കോൺഗ്രസ് നേതാവ് ഡറിക് ഒബ്രയാൻ, എ എ പി അംഗം സഞ്ജയ് സിംഗ്, കോൺഗ്രസ് അംഗങ്ങളായ രാജു സതവ്, റിപുൻ ബോറ, ഡോല സെൻ, സയ്യീദ് നാസിർ ഹുസൈൻ എന്നിവരാണ് കർഷകർക്ക് വേണ്ടി സമരം ചെയ്യുമെന്ന പ്ലക്കാർഡുമായി രാത്രിയിലും സമരം തുടരുന്നത്.
കർഷകർക്കും സാധാരണക്കാർക്കും വേണ്ടി ഉയരുന്ന ശബ്ദങ്ങളെ അടിച്ചൊതുക്കാനുള്ള ശ്രമമാണിതെന്നും ഈ സസ്‌പെൻഷൻ കർഷക സമരങ്ങൾക്ക് കൂടുതൽ ഊർജം പകരുമെന്ന് എളമരം കരീം പ്രതികരിച്ചു. സഭ സമ്മേളിക്കുന്ന എല്ലാ ദിവസവും ഗാന്ധി പ്രതിമക്ക് മുമ്ബിൽ കുത്തിയിരിപ്പ് സമരം നടത്താനാണ് പുറത്താക്കപ്പെട്ടവരുടെ തീരുമാനം. ഇവർക്ക് പിന്തുണയായി പ്രതിപക്ഷ അംഗങ്ങളും സ്ഥലത്തെത്തി. കർഷകർക്കായി ഇനിയും സംസാരിക്കുമെന്നും ഇതിനായി സസ്‌പെൻഷൻ പിൻവലിക്കുന്നതുവരെ സമരം തുടരുമന്നാണ് ഇവർ പറയുന്നത്.
കാർഷിക ബിൽ അവതരിപ്പിക്കുന്നതിനെതിരെ രാജ്യസഭയിൽ എംപിമാർ പ്രതിഷേധമുയർത്തിയതിനെ തുടർന്നാണ് എട്ടുപേരെ സസ്‌പെൻഡ് ചെയ്തത്. സസ്‌പെൻഷന് ശേഷവും എംപിമാർ സഭ വിട്ടു പോകാത്തതിനെതിരെ കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കാർഷിക ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സെപ്റ്റംബർ 24മുതൽ രാജ്യവ്യാപക സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ്.