ട്യൂഷൻ കഴിഞ്ഞ് മടങ്ങവെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം; യുപിയിൽ പത്താംക്ലാസുകാരി ജീവനൊടുക്കി

ലഖ്‌നോ: ഉത്തർപ്രദേശിൽ വീണ്ടും പെൺകുട്ടികൾക്ക് നേരേ ക്രൂരത. മീററ്റിൽ ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരുന്നവരികയായിരുന്ന പത്താംക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗത്തിനിരയാക്കി. പെൺകുട്ടി പിന്നീട് ആത്മഹത്യ ചെയ്തു. നാല് യുവാക്കളാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാൽസംഗം ചെയ്തതെന്ന് മുതിർന്ന പോലിസ് ഉദ്യോഗസ്ഥൻ കേശവ് കുമാർ പറഞ്ഞു.
പെൺകുട്ടിയുടെ പക്കൽനിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിൽ രണ്ട് പ്രതികളെ അറസ്റ്റുചെയ്തതായും മറ്റ് രണ്ടുപേരെ പിടികൂടുന്നതിനായി തിരച്ചിൽ ആരംഭിച്ചതായും പോലിസ് വ്യക്തമാക്കി. ആത്മഹത്യാക്കുറിപ്പിൽ പെൺകുട്ടി അയൽഗ്രാമത്തിലെ ലഖാനും വികാസും ഉൾപ്പെടെ നാല് പ്രതികളെ കൂടാതെ മറ്റ് രണ്ടുപേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മറ്റ് രണ്ടുപേരെ പോലിസ് അന്വേഷിക്കുന്നതിനിടെയാണ് ലഖാനും വികാസും അറസ്റ്റിലായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കൂട്ടബലാൽസംഗത്തിനിരയായശേഷം വീട്ടിലെത്തിയ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. ഇതിന് പിന്നാലെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടൻതന്നെ മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിൽസയ്ക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.