Editor's ChoiceKerala NewsLatest NewsLocal NewsNews

സർക്കാർ ശ്രീ നാരായണീയരുടെ കണ്ണിൽകുത്തിയെന്നു വെള്ളാപ്പള്ളി നടേശൻ.

കൊല്ലം: ശ്രീനാരായണ സർവകലാശാലയുടെ പ്രോ വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ ശ്രീ നാരായണീയരുടെ കണ്ണിൽകുത്തിയെന്നു വെള്ളാപ്പള്ളി നടേശൻ. അധികാര കേന്ദ്രങ്ങളിൽ നിന്ന് അധ:സ്ഥിതർ മാറ്റി നിറുത്തപ്പെടുകയാണ്. മലബാറിൽ നിന്നുള്ള പ്രവാസിയെ പിവിസിയാക്കുന്ന ജലീലിൻ്റെ ചേതോവികാരം എന്തെന്ന് അറിയാം. ഇതു മനസ്സിലാക്കാൻ പാഴൂർ പഠിപ്പുര വരെ പോകേണ്ട കാര്യമില്ല. സർവകലാശാലകളുടെ തലപ്പത്തെ നിയമനങ്ങൾ സർക്കാരിൻ്റെ പ്രതിച്ഛായയെ ബാധിച്ചു. സർവകലാശാലയുടെ ഉദ്ഘാടനം രാഷ്ട്രീയ മാമാങ്കമാക്കുകയായിരുന്നു. ചടങ്ങിലേക്ക് എസ് എൻ ഡി പി യുടെ ഒരു പ്രതിനിധിയെപ്പോലും ക്ഷണിക്കുകയുണ്ടായില്ല. എൻഎസ്എസിൻ്റെയോ ഒരു ക്രിസ്ത്യൻ സഭയുടെയോ ആചാര്യൻ്റെ പേരിലുള്ള സ്ഥാപനത്തിൻ്റെ തലപ്പത്ത് മറ്റൊരു സമുദായ അംഗത്തെ നിയമിക്കാൻ സർക്കാർ തയ്യാറാകുമായിരുന്നോ എന്നും വെള്ളാപ്പള്ളി ചോദിക്കുകയുണ്ടായി.

‘ശ്രീ നാരായണീയ സമൂഹത്തിനുണ്ടായ ഹൃദയ വേദനയ്ക്കു മന്ത്രി കെ.ടി ജലീലും സംസ്ഥാന സർക്കാരും മറുപടി പറഞ്ഞേ മതിയാകൂ. ജലീലിന്റെ വാശിക്കു സർക്കാര്‍ കീഴടങ്ങാൻ പാടില്ലായിരുന്നു. ന്യൂനപക്ഷങ്ങളും സംഘടിത മതശക്തികളും ഇരിക്കാൻ പറയുമ്പോൾ കിടക്കുന്ന സംസ്കാരമാകരുത് ഇടതുപക്ഷത്തിന്റേത്. ഈ തീരുമാനത്തോടു മന്ത്രിസഭയിലെ പല അംഗങ്ങൾക്കും ഇടതുപക്ഷ ചിന്താഗതിക്കാരായ മഹാഭൂരിപക്ഷത്തിനും അഭിപ്രായ വ്യത്യാസവും അമർഷവും ഉണ്ടെന്നു വ്യക്തമായിട്ടുണ്ട്.’- വെള്ളാപ്പള്ളി പറഞ്ഞു.

‘നക്കാപ്പിച്ച വലിച്ചെറിഞ്ഞു കൊടുക്കുന്നതു പോലെ സർവകലാശാലയുടെ പ്രോ-വൈസ് ചാൻസിലർ പദവി ശ്രീനാരായണ സമൂഹത്തിനു വച്ചു നീട്ടി. വിസി കൈമാറുന്ന അധികാരങ്ങൾ മാത്രമേ പ്രോ-വിസിക്കുള്ളൂ. അധികാരത്തിന്റെ യഥാർഥ ഇരിപ്പിടത്തിൽ ശ്രീ നാരായണീയൻ ഇരിക്കാൻ പാടില്ലെന്നും അധികാരം പിന്നാക്കക്കാർക്കു വേണ്ടെന്നും ആരോ നിശ്ചയിച്ച് ഉറപ്പിച്ചതു പോലെയായി കാര്യങ്ങൾ. പുത്തരിയിൽ കല്ലു കടിച്ചതിനു സർക്കാർ മറുപടി പറയണം’- വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

‘തലസ്ഥാനത്തു ഗുരുദേവ പ്രതിമ സ്ഥാപിച്ചപ്പോഴും സർവകലാശാല ഉദ്ഘാടനം ചെയ്തപ്പോഴും ആ ചടങ്ങുകളിൽ ശ്രീ നാരായണ പ്രസ്ഥാനങ്ങൾക്കു പ്രാതിനിധ്യം നൽകാതിരുന്നതും അങ്ങേയറ്റത്തെ തെറ്റായിപ്പോയി. കേരളത്തിലെ ഏറ്റവും വലിയ നവോത്ഥാന പ്രസ്ഥാനത്തിനു പ്രാതിനിധ്യം ഇല്ലാതെ ആ ചടങ്ങുകൾ നടത്തിയതു തന്നെ ഈ സർക്കാരിന്റെ ഇരട്ടത്താപ്പു നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മറ്റേതെങ്കിലും മത-സമുദായങ്ങളുമായി ബന്ധപ്പെട്ട ചടങ്ങ് ആയിരുന്നെങ്കിൽ ആ വിഭാഗത്തിനു പ്രാതിനിധ്യം നൽകാതിരിക്കാൻ ധൈര്യം ഉണ്ടാകുമായിരുന്നോ? മതമേലധ്യക്ഷന്മാരെ ഭരണത്തിന്റെ തലപ്പത്തുള്ളവർ സ്വീകരിച്ച് ആനയിക്കുമായിരുന്നു. പിന്നാക്ക-അധഃസ്ഥിത വിഭാഗങ്ങൾ കാലങ്ങളായി നേരിടുന്ന ഇത്തരം അവഗണനകൾക്കെതിരെ ഇനിയെങ്കിലും ചോദ്യങ്ങള്‍ ശക്തമായി ഉയരണം’- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button