മയക്കുമരുന്ന്കേസ്; നിക്കി ഗൽറാണിയുടെ സഹോദരി സഞ്ജന ഗൽറാണി കസ്റ്റഡിയിൽ

ബംഗളൂരു മയക്കുമരുന്ന് കേസിൽ നടി സജ്ഞന ഗൽറാണിയെ സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു. വീട്ടിൽ പരിശോധന നടത്തിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്.
കേസിലെ മൂന്നാം പ്രതി വിരേൻ ഖന്നയുടെയും സഞ്ജനയുടെയും വീടുകളിൽ ഒരേ സമയമായിരുന്നു സി.സി.ബിയുടെ പരിശോധന. കസ്റ്റഡിയിലെടുത്ത സഞ്ജനയെ ക്രൈം ബ്രാഞ്ച് ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യുകയാണ്. സഞ്ജനയുടെ സുഹൃത്തുക്കളായ രാഹുലും മലയാളിയായ നിയാസും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും കൂടുതൽ തെളിവുകൾ ശേഖരിച്ച് വരുന്നു.
അരൂർ സ്വദേശി നിയാസിന് മലയാള സിനിമാ മേഖലയുമായി അടുത്ത ബന്ധമുണ്ടെന്നാണ് സൂചന. നിരവധി മലയാള ചിത്രങ്ങളിൽ ഇയാൾ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ബംഗളൂരൂ, കൊച്ചി എന്നിവിടങ്ങളിൽ മോഡലിംഗ് രംഗത്തും സജീവമായിരുന്നു നിയാസ്. കേസിൽ, കൂടുതൽ അറസ്റ്റിന് സാധ്യതയുണ്ട്. എഫ്.ഐ.ആറിലുള്ള 12 പേരിൽ ഏഴു പേരാണ് ഇതുവരെ പിടിയിലായത്. ഒരാൾ കസ്റ്റഡിയിലുമുണ്ട്.