കുട്ടനാട് സീറ്റ് വേണമെന്ന ആവശ്യം ജോസഫ് വിഭാഗം മുന്നണി നേതാക്കളെ കാണും

ഇടുക്കി- കുട്ടനാട് സീറ്റ് തങ്ങള്‍ക്ക് തന്നെ വേണമെന്ന ആവശ്യത്തില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. ഇക്കാര്യത്തില്‍ ഉടന്‍ പ്രഖ്യാപനം നടത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കളെ കാണും. കുട്ടനാട് ഉപ തിരഞ്ഞെടുപ്പടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യു ഡി എഫ് ഇന്ന് യോഗം ചേരുന്നുണ്ട്. യോഗത്തിനു മുമ്പ് നിലപാട് അറിയിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.
അതേ സമയം കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു നല്‍കാന്‍ ഇന്നു ചേരുന്ന യുഡിഎഫ് നേതൃയോഗം തീരുമാനിച്ചേക്കും. 2016 ല്‍ മത്സരിച്ച ജേക്കബ് ഏബ്രഹാമിനെ വീണ്ടും മത്സരിപ്പിക്കാനാണു പി ജെ ജോസഫിന്റെ നീക്കം. സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം ഇന്നത്തെ യുഡിഎഫ് യോഗം കൈക്കൊള്ളും.
കുട്ടനാട് സീറ്റില്‍ പി ജെ ജോസഫ് വിഭാഗം തന്നെ മത്സരിക്കട്ടേയെന്നാണ് യുഡിഎഫിലെ ധാരണ. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന നിര്‍ദ്ദേശം യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഉന്നയിച്ചെങ്കിലും പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ക്ക് താല്‍പര്യമില്ല. മുന്നണി സംവിധാനം കൂടുതല്‍ ശിഥിലമാക്കുന്ന തീരുമാനത്തിന് നില്‍ക്കേണ്ടെന്നാണ് മുസ്ലീം ലീഗ് അടക്കം ഘടകകക്ഷികളുടെയും നിര്‍ദേശം.