Kerala NewsLatest News

പിഴ 42,000 രൂപ, പ്രതിഷേധിച്ച് എഫ് ബി ലൈവ്‌; പ്രമുഖ മലയാളം വ്ലോഗര്‍മാരായ ‘ഇ ബുള്‍ ജെറ്റ്’ സഹോദരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു

വാന്‍ ലൈഫ് യുട്യൂബ് ചാനലായ ഇ-ബുള്‍ജെറ്റിന്റെ വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് രണ്ട് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. വാഹനത്തില്‍ വരുത്തിയിട്ടുള്ള രൂപമാറ്റത്തിന്റെ ചാര്‍ജായി 6400 രൂപയും നിയമവിരുദ്ധമായി വരുത്തിയിട്ടുള്ള രൂപമാറ്റത്തിന് ചുമത്തിയിട്ടുള്ള പിഴയായി ഏകദേശം 42,000 രൂപയോളം പിഴയും ഈടാക്കുമെന്നാണ് കണ്ണൂര്‍ ആര്‍.ടി.ഒഫീസില്‍ നിന്ന് അറിയിച്ചിരിക്കുന്നത്.

വാഹനത്തിന് നിയമങ്ങള്‍ ലംഘിച്ച് രൂപമാറ്റം വരുത്തിയതും നികുതി ഇനത്തില്‍ അടക്കേണ്ട തുകയില്‍ വീഴച വരുത്തിയതും കാണിച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഈ വാഹനം പിടിച്ചെടുത്തിരിക്കുന്നത്. എന്നാല്‍, ഇന്ന് ആര്‍.ടി.ഓഫീസിലെത്തിയ ഇ-ബുള്‍ജെറ്റ് നടത്തിപ്പുകാരായ യുവാക്കള്‍ അനധികൃതമായി ആള്‍കൂട്ടമുണ്ടാക്കിയത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്.

ഓഫീസിലെത്തിയ യുവാക്കള്‍ സമൂഹമാധ്യമങ്ങളില്‍ വൈകാരികമായി ലൈവ് വീഡിയോ ചെയ്യുകയും മറ്റും ചെയ്തതിലൂടെ സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്ന കമന്റുകള്‍ നിയമവാഴ്ചയെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ളതാണെന്നും മോട്ടോര്‍ വാഹന വകുപ്പ് അഭിപ്രായപ്പെടുന്നു

സര്‍ക്കാര്‍ ഓഫീസില്‍ അനധികൃതമായി പ്രവേശിച്ചു. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആള്‍ക്കൂട്ടം സൃഷ്ടിച്ചു തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പോലീസില്‍ പരാതി നല്‍കുമെന്നും വാഹനം പോലീസിന് കൈമാറുമെന്നും കണ്ണൂര്‍ എം.വി.ഐ. പദ്മലാല്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

അതേസമയം, കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണികളും മോടിപിടിപ്പിക്കലും പൂര്‍ത്തിയാക്കി എറണാകുളത്ത് നിന്നെത്തിയ വാഹനം എം.വി.ഡി. ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയായിരുന്നു എന്നാണ് ഇ-ബുള്‍ജെറ്റ് ഉടമകള്‍ യുട്യൂബ് വീഡിയോയില്‍ പറഞ്ഞിട്ടുള്ളത്. പിന്നീട് നികുതി സംബന്ധിച്ച വിശദീകരണം നല്‍കി വാഹനം വിട്ടുനല്‍കിയെങ്കിലും അടുത്ത ദിവസം വാഹനം വീണ്ടും പിടിച്ചെടുക്കുകയായിരുന്നു എന്നും വീഡിയോയിലുണ്ട്.

നിരത്തുകളിലെ മറ്റ് വാഹനങ്ങള്‍ക്ക് പോലും ഭീഷണിയാകുന്ന തരത്തിലുള്ള ലൈറ്റുകളും ഹോണുകളുമാണ് ഈ വാഹനത്തില്‍ നല്‍കിയിട്ടുള്ളതെന്നാണ് എം.വി.ഡി പറയുന്നത്‌. എന്നാല്‍, രാജ്യത്തുടനീളം യാത്ര ചെയ്യുന്ന വാഹനമാണിതെന്നും അവിടെയെല്ലാം വാഹനമോടിക്കുന്നതിനുള്ള ലൈറ്റുകളാണ് ഈ വാഹനത്തില്‍ ഉള്ളതെന്നും ഇ-ബുള്‍ജെറ്റ് അവകാശപ്പെടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button