മകൻ ജോലി ചെയ്ത കമ്പനിക്ക് ഡിഎംആർസിയുടെ കരാറുകൾ മറച്ചുകൊടുത്തു; ഇ ശ്രീധരനെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ പരാതി

കൊച്ചി: മെട്രോ മാൻ ഇ ശ്രീധരനെതിരേ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ പരാതി. ശ്രീധരൻ മകൻ ജോലി ചെയ്ത കമ്പനിക്ക് ഡിഎംആർസിയുടെ കരാറുകൾ മറച്ചുകൊടുത്തെന്നും അതിനു വേണ്ടി കോൺട്രാക്റ്റ് മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയെന്നുമാണ് ആരോപണം.
കൂടാതെ മരുമകൻ കൂടി ഉൾപ്പെട്ട് നടത്തിയ ക്രമക്കേടുകളും ക്രയവിക്രയങ്ങളും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. അഭിഭാഷകനും കോൺഗ്രസ് നേതാവും രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സംസ്ഥാന ചുമതലക്കാരനുമായ വി ആർ അനൂപാണ് കൊച്ചിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നേരിട്ട് ഹാജരായി പരാതി നൽകിയത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫെയ്‌സ്ബുക്കുവഴി പങ്കുവച്ചത്.
വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് കിട്ടിയ പ്രൊഫഷണൽ ക്രമക്കേടുകൾ തെളിവുകൾ സഹിതം പത്രസമ്മേളനത്തിലൂടെ പുറത്ത് വിടുമെന്നും മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുമെന്നും അനൂപ് പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിൽ ഇ ശ്രീധരന്റെ ലൗ ജിഹാദ് പരാമർശത്തിനെതിരേയും അനൂപ് നിയമനടപടിയുമായി രംഗത്തുവന്നിരുന്നു.
ഹിന്ദു, ക്രിസ്ത്യൻ യുവതികളെ മുസ്‌ലിം ചെറുപ്പക്കാർ ആസൂത്രിതമായി ലവ് ജിഹാദ് നടത്തുന്നു, മാംസഭക്ഷണം കഴിക്കുന്നവരോട് വെറുപ്പാണ് എന്നീ പ്രസ്താവനകളിലൂടെ സമൂഹത്തിൽ മതസ്പർധയും, വെറുപ്പും പരത്തുന്നു എന്നായിരുന്നു പൊന്നാനി പോലിസിൽ നൽകിയ ആദ്യത്തെ പരാതിയിൽ പറഞ്ഞിരുന്നത്.