Kerala NewsLatest News

കള്ളൻ കപ്പലിൽ തന്നെ! ശിവശങ്കറിനെതിരെ ഗുരുതര പരാമർശവുമായി ഇഡി യുടെ കുറ്റപത്രം.

സ്വർണ്ണക്കടത്ത് കേസിൽ കള്ളൻ കപ്പലിൽ തന്നെ എന്ന് വ്യക്തമായി. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) യുടെ ഗുരുതര ആരോപണത്തിന് പുറമെ ലൈഫ്മിഷൻ ഇടപാടിലും ഈന്തപ്പഴ വിതരണത്തിലും, വിവാദങ്ങളുടെ ചൂണ്ടുവിരൽ നീളുന്നത് ശിവശങ്കരന് നേരെ തന്നെയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
എം ശിവശങ്കറും ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സ് ആപ്പ് സന്ദേശം അന്വേഷണ സംഘം കണ്ടെത്തിയിരിക്കുകയാണ്. സ്വപ്നയുടെ ബാങ്ക് ലോക്കർ സംബന്ധിച്ച് പണം കൈമാറുന്നതിനെ കുറിച്ചായിരുന്നു സന്ദേശങ്ങളിൽ പറഞ്ഞിരിക്കുന്നത്. സ്വപനയും സരിത്തും സന്ദീപും ചേർന്ന് കള്ളപ്പണ ഇടപാട് നടത്തിയെ
ന്നും ഇ.ഡി കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രതികളുടെ പക്കൽ അനധികൃത സ്വത്തുകൾ കണ്ടെത്തിയിട്ടുണ്ട്. വരവിൽ കവിഞ്ഞ ബാങ്ക് നിക്ഷേപം ഉണ്ട്. രേഖകൾ ഇല്ലാതെയാണ് ഇവയെല്ലാം നടത്തിയിരിക്കുന്നത്. ഇതെല്ലാം കള്ളപ്പണ ഇടപാടുകൾ നടന്നതിന് തെളിവാണെന്ന് ഇ.ഡി ചൂണ്ടിക്കാട്ടുന്നു. ഇതിൽ പല കാര്യത്തെ കുറിച്ച് ചോദിച്ചപ്പോഴും മൗനം പാലിച്ച ശിവശങ്കരൻ, നൽകിയ മറുപടികൾ എല്ലാം തന്നെ വസ്തവ വിരുദ്ധമാണെന്നും അതിനാൽ കൂടുതൽ അന്വേഷണം വേണമെന്നുമാണ് ഇ ഡിയുടെ വാദം.


സ്വർണ്ണക്കടത്ത് കേസിലെ പ്രതികൾക്കെതിരായ കുറ്റം തെളിഞ്ഞുവെന്ന് കുറ്റപത്രത്തിൽ അന്വേഷണ സംഘം വ്യക്തമാക്കുന്നുണ്ട്. മൂന്ന് പേർക്കും ജാമ്യം കൊടുക്കരുതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് കോടതി ശിക്ഷാനടപടി സ്വീകരിക്കണം എന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.ഡിജിറ്റൽ തെളിവുകൾ ലഭിച്ച ശേഷം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
ലൈഫ് ഇടപാടിലും അഴിമതിയിൽ ചൂണ്ടുവിരലുകൾ എല്ലാം തന്നെ ശിവശങ്കറിന് നേരെയാണ്. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലേക്ക് യുഎഇ റെഡ് ക്രസന്റിനെ കൊണ്ടുവന്നതിനു പിന്നിൽ മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം. ശിവശങ്കറാണെന്ന് യു വി ജോസിന്റെ റിപ്പോർട്ടിലും പരാമർശം ഉണ്ടായിരുന്നു. ലൈഫ് പദ്ധതി വിവാദമായപ്പോൾ, തദ്ദേശ സെക്രട്ടറിക്കു നൽകിയ റിപ്പോർട്ടിലാണ് യു.വി ജോസിന്റെ ഈ വെളിപ്പെടുത്തൽ. യുഎഇയിൽ നിന്ന് സ്പോൺസറെ കിട്ടാൻ സാധ്യതയുള്ളതിനാൽ അനുയോജ്യമായ സ്ഥലം നിർദേശിക്കാൻ ശിവശങ്കർ ആവശ്യപ്പെട്ടിരുന്നുവത്രെ. വിശദമായ പദ്ധതിരേഖ, പ്ലാനിന്റെ പവർപോയിന്റ് പ്രസന്റേഷൻ എന്നിവ അയച്ചുകൊടുക്കാനും നിർദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ സ്ഥലം അനുയോജ്യമാണെന്നു ലൈഫ് മിഷൻ ശിവശങ്കറെ അറിയിക്കുകയും ചെയ്തു.
ഒപ്പം തന്നെ റെഡ് ക്രസന്റും യൂണിടാക്കുമായി ഒപ്പുവച്ച കരാറിന്റെ വിവരങ്ങൾ ലൈഫ് മിഷന് അറിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേ സമയം ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദം അന്വേഷിക്കുന്ന വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട് തന്നെ സർക്കാരിനെ വെട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) ഈ വെളിപ്പെടുത്തൽ കോടതിയിൽ ഉണ്ടായിരിക്കുന്നത്. വടക്കാഞ്ചേരി പദ്ധതിയിലെ കമ്മിഷൻ ഇടപാട് വിജിലൻസ് തല്ലിയിട്ടില്ല. ലൈഫ് മിഷൻ, സെക്രട്ടേറിയറ്റ്, തദ്ദേശഭരണ വകുപ്പ്, യൂണിടാക്, സെയ്ൻ വെഞ്ച്വേഴ്സ് എന്നിവയുടെ ഫയലുകൾ പരിശോധിച്ചാലേ പദ്ധതിയിൽ ക്രമക്കേടു നടന്നോ, ഉദ്യോഗസ്ഥരും മറ്റും കമ്മിഷൻ വാങ്ങിയോ തുടങ്ങിയ കാര്യങ്ങൾ അറിയാൻ കഴിയൂവെന്നും വിജിലൻസ് വ്യക്തമാക്കിയിരിക്കുകയാണ്. ലൈഫ് മിഷൻ പദ്ധതിക്കായി ധാരണാപത്രത്തിൽ ഒപ്പിടും മുൻപു സർക്കാർ നയതീരുമാനം എടുത്ത് ഉത്തരവു പുറപ്പെടുവിക്കണമെന്നു നിയമ വകുപ്പ് ശുപാർശ ചെയ്തിരുന്നു. പക്ഷേ, അതൊന്നും ഉണ്ടായില്ലെന്നു വിജിലെൻസ് റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയിലെ അവിഹിത ഇടപെടലും വിദേശ ഫണ്ടിന്റെ കാര്യം കേന്ദ്രത്തെ അറിയിച്ചില്ല എന്നതും വിജിലൻസ് ശരിവെച്ചിരുന്നു.
ലൈഫ് മിഷൻ അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിൽ നിന്നു വിജിലൻസ് കൊണ്ടുപോയ ഫയലുകൾ വിജിലൻസ് കോടതിയിൽ സമർപ്പിക്കുകയാണ് ചെയ്തത്. സിബിഐക്കു ഫയലുകൾ വേണമെങ്കിൽ കോടതിയെ സമീപിക്കാമെന്നാണു വിജിലെൻസ് നിലപാട് എടുത്തത്.
ലൈഫ് മിഷനിൽ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസം സിബിഐ കേസ് റജിസ്റ്റർ ചെയ്തതോടെയാണ് സർക്കാർ വെട്ടിലാവുകയായിരുന്നു. അടുത്ത ദിവസം വിജിലൻസും സിബിഐ മാതൃകയിൽ കേസ് റജിസ്റ്റർ ചെയ്യുകയായിരുന്നു. സിബിഐ വരും മുൻപു ലൈഫ് മിഷൻ ഫയലുകളും വിജിലൻസ് കൈക്കലാക്കി. ഈ നടപടിയും വിവാദത്തിന് വഴിവെച്ചു..എസ്പി വി.ജി. വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ തൃശൂർ വിജിലൻസ് ഇൻസ്പെക്ടർ പി.ആർ. സരീഷ് ഒരാഴ്ച കൊണ്ട് പ്രാഥമികാന്വേഷണം പൂർത്തിയാക്കിയെങ്കിലും കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. സംഭവത്തിൽ മിഷൻ സിഇഒ: യു.വി. ജോസിന്റെ മൊഴിരേഖപ്പെടുത്തിയതിന്റെ തുടർച്ചയായി ഡപ്യൂട്ടി സിഇഒ: സാബുക്കുട്ടൻ നായർ, ചീഫ് എൻജിനീയർ എൻ. അജികുമാർ എന്നിവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഈന്തപ്പഴ വിതരണത്തിലും പ്രതിസ്ഥാനത്ത് ശിവശങ്കറിൻ്റെ പേര് തന്നെയാണ് ഉയരുന്നത്. യുഎഇയിൽനിന്ന് എത്തിച്ച ഈന്തപ്പഴം എം. ശിവശങ്കറിന്റെ നിർദേശപ്രകാരമാണു വിതരണം ചെയ്തതെന്നു ടി.വി. അനുപമ കസ്റ്റംസിനോട് വെളിപ്പെടുത്തി. 2017 ൽ ഈന്തപ്പഴ വിതരണം നടന്നപ്പോൾ സാമൂഹിക നീതി വകുപ്പ് ഡയറക്ടർ ആയിരുന്ന അനുപമ. എന്നാൽ ഉത്തരവില്ലെന്നും വാക്കാലുള്ള നിർദേശം ലഭിച്ചതേയുള്ളൂവെന്നും മൊഴിയിലുണ്ടെന്നാണു വിവരം.
നയതന്ത്ര ബാഗേജ് വഴി വന്ന 17,000 കിലോ ഈന്തപ്പഴം കേരളത്തിലെ സ്പെഷൽ സ്കൂളിലെയും അനാഥാലയങ്ങളിലെയും കുട്ടികൾക്കാണു വിതരണം ചെയ്തത്. യുഎഇ കോൺസുലേറ്റിന്റെ ആവശ്യത്തിനെന്ന പേരിലാണ് കസ്റ്റംസ് ഇളവോടെ ഈന്തപ്പഴം കൊണ്ടുവന്നത്. വിദേശസംഭാവന നിയന്ത്രണ നിയമലംഘനത്തിനും കസ്റ്റംസ് നിയമലംഘനത്തിനുമാണു കേസെടുത്തിരിക്കുന്നത്. സ്വപ്നയിൽ എല്ലാം പഴിചാരി രക്ഷപ്പെടാമെന്ന ശിവശങ്കരൻ്റെ സ്വപ്നത്തിനേറ്റ തിരിച്ചടിയാണ് ഒരോ ദിവസവും വ്യക്തമായിക്കൊണ്ടിരിക്കുന്ന തെളിവുകൾ. അതു കൊണ്ട് തന്നെ സംസ്ഥാന സർക്കാറിനെതിരെ ഉയർന്ന വിവാദങ്ങളിൽ ഒക്കെയും കള്ളൻ കപ്പലിൽ തന്നെ എന്നത് ഉറപ്പാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button