സി കെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി എത്തിച്ചെന്ന് ഇ മെയില്‍
സുല്‍ത്താന്‍ബത്തേരി: എന്‍ഡിഎ സ്ഥാനാര്‍ഥി സി കെ ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ എത്തിച്ചതായി റിപോര്‍ട്ട്. തിരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേടില്‍ ആരോപണവിധേയനായ ബിജെപി ജില്ലാ നേതാവ് അയച്ച ഇ-മെയില്‍ സന്ദേശങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചതായാണ് വിവരം.
തിരഞ്ഞെടുപ്പിന്റെ വരവുചെലവ് കണക്കുകളെക്കുറിച്ച് മുതിര്‍ന്ന നേതാക്കള്‍ക്കയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് മൂന്നരക്കോടി ലഭിച്ചതായി സൂചിപ്പിച്ചിട്ടുള്ളത്. ഇതില്‍ 1.50 കോടി ചെലവഴിച്ചെന്നാണു പറയുന്നത്. ബാക്കി തുകയെക്കുറിച്ച് വ്യക്തതയില്ല.
മൂന്നരക്കോടി എത്തിയ വിവരം പുറത്തുവന്നതോടെ പാര്‍ട്ടിക്കുള്ളില്‍ വലിയ പൊട്ടിത്തെറിയാണുണ്ടായിരിക്കുന്നത്. പോഷക സംഘടനകളിലും സംഘപരിവാര്‍ സംഘടനകളിലുമെല്ലാം കൂട്ടരാജി നടന്നുകൊണ്ടിരിക്കുകയാണ്. ചെലവഴിച്ചതായി പറയുന്ന തുകയുടെ പകുതിപോലും പ്രചാരണത്തിനു വിനിയോഗിച്ചിട്ടില്ലെന്നാണ് ഒരുവിഭാഗം പറയുന്നത്. ബൂത്ത്, പഞ്ചായത്ത് കമ്മിറ്റികള്‍ക്ക് കാര്യമായ ഫണ്ട് നല്‍കിയിരുന്നില്ല. അതിനാല്‍ പ്രചാരണം നിര്‍ജീവമായിരുന്നു. കഴിഞ്ഞതവണ സി കെ ജാനുവിനു ലഭിച്ചതിനെക്കാള്‍ 12,722 വോട്ടുകള്‍ ഇത്തവണ കുറഞ്ഞു.