എക്സിറ്റ് പോളുകൾ ബിഹാറിൽ തകിടം മറിഞ്ഞു, വനിതകൾ എൻഡിഎയെ തുണച്ചു,

പട്ന / പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അല്പമാത്ര സീറ്റുകളുടെ വ്യത്യാസത്തിലെങ്കിലും എൻഡിഎ ബിഹാർ ഭരണം പിടിച്ചു. വനിതാ വോട്ടർമാരെ അവഗണിച്ച എക്സിറ്റ് പോളുകൾ അക്ഷരാർത്ഥത്തിൽ ബിഹാറിൽ തകിടം മറിയുകയായിരുന്നു. രാത്രി വൈകി ലഭിച്ച വിവരങ്ങൾ പ്രകാരം എൻ ഡി എ 125 സീറ്റുകളും, മഹാസഖ്യം 110 സീറ്റുകളും, മറ്റുള്ളവർ 8 സീറ്റുകളും നേടി.
വനിതാ വോട്ടർമാരെ അവഗണിച്ച എക്സിറ്റ് പോളുകൾ ആണ് എൻ ഡി എ ക്ക് ഗുണകരമായത്. ആദ്യഘട്ട വോട്ടെടുപ്പു നടന്ന തെക്കൻ ബിഹാർ മേഖലയിൽ സിപിഐ എംഎല്ലിനു കാര്യമായ സ്വാധീനം തേജസ്വിയുടെ റാലികളിൽ പ്രകടമായിരുന്നു. ആദ്യ ഘട്ടത്തിലെ തിരി ച്ചടി ഉൾക്കൊണ്ട് ബിജെപി പ്രചരണ തന്ത്രം തന്നെ അടിമുടി മാറ്റി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടി പരമാവധി സീറ്റുകൾ നേടാ നുള്ള രാഷ്ട്രീയ അടവുകളാണ് ബി ജെ പി പിന്നെ പയറ്റിയത്. ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് പുറമെ കേന്ദ്ര മന്ത്രിമാരുടെ ഒരു പടയെ തന്നെ ഇറക്കി ബിജെപി റാലികളും റോഡ് ഷോകളും നടത്തി ജന മനസ്സുകളിലേക്ക് കടന്നു ചെല്ലുകയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പോലും പുറത്തിറക്കാത്ത അയോധ്യ കാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ പ്രയോഗിച്ചു കൊണ്ട് അദ്ദ്വാനിയുടെ അയോധ്യ രഥയാത്ര ലാലു സർക്കാർ തടഞ്ഞതു വരെ ജനത്തിനു മുന്നിൽ നിരത്തി. ജംഗിൾരാജിന്റെ യുവരാജെന്നു വിശേഷിപ്പിച്ചു തേജസ്വി യാദവിന്റെ ഭരണത്തിലുണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്നങ്ങൾ മോദി ഉയർത്തികാട്ടിയതോടെ വനിതാ വോട്ടർമാരിൽ എൻ ഡി എ ക്ക് പെട്ടെന്ന് കടന്നു കൂടാനായി. ആർജെഡി ഭരണത്തിലെത്തിയാൽ മദ്യനിരോധനം പിൻവലിച്ചേ ക്കുമെന്ന ആശങ്കയും വനിതാ വോട്ടർമാരെ എൻഡിഎയോടുള്ള ആകര്ഷണത്തിന് വഴിയൊരുക്കി. യാദവ – മുസ്‌ലിം ആധിപത്യമുള്ള ഭരണം തടയാനായി സവർണ വോട്ടർമാർ എൻഡിഎയെ വിജയിപ്പി ക്കുകയെന്ന ദൗത്യം ഏറ്റെടുക്കുകയാ യിരുന്നു. യാദവ – മുസ്‌ലിം വോട്ടർമാർ നിർണായകമായ സീമാഞ്ചൽ മേഖലയിൽ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം സ്ഥാനാർഥികളെ നിർത്തിയതും, മഹാസഖ്യത്തിനു തിരിച്ചടിയായി. കോൺഗ്രസ് – ആർജെഡി സ്ഥാനാർഥികൾക്കു വീഴേണ്ട മുസ്‌ലിം വോട്ടുകൾ ഒറ്റയടിക്ക് ഇതോടെ ചിതറി.
മഹാസഖ്യത്തിന് ഗ്രാമ മേഖലകളിൽ മഹാസഖ്യത്തിനു തുണയായത് സിപിഐ – എംഎൽ ആയിരുന്നെങ്കിലും നഗരമേഖലകളിൽ ഇത് ഗുണത്തേക്കാളേറെ ദോഷഫലം ഉണ്ടാക്കുകയായിരുന്നു. ബിഹാറിൽ മുൻകാലങ്ങളിൽ നടന്ന നക്സൽ ആക്രമണങ്ങളുടെ സ്മരണകൾ മഹാ സഖ്യം ഓർമ്മപ്പെടുത്തുമ്പോൾ വലതുപക്ഷ വോട്ടുകൾ എൻഡിഎ യ്ക്കു വഴിമാറുകയായിരുന്നു. മഹാസഖ്യത്തിലെ കോൺഗ്രസ് പ്രതീക്ഷക്കൊത്ത് മുന്നോട്ടുവരാതായതും തിരിച്ചടിക്ക് കാരണമായി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രചരണത്തിനെത്തിയെങ്കിലും പ്രിയങ്ക പ്രചരണം ഉപേക്ഷിച്ചത് കോൺഗ്രസ് സ്ഥാനാർഥികളെ നിരാശപ്പെടുത്തിയിരുന്നു. 243 അസംബ്ലി സീറ്റുകളുള്ള ബിഹാറിൽ മൂന്ന് ഘട്ടങ്ങളിലായാണ് പോളിങ് നടന്നത്. നവംബർ 7-ലെ മൂന്നാം ഘട്ടത്തിനു ശേഷം പുറത്തുവിട്ട വിവിധ എക്‌സിറ്റ്‌പോൾ ഫലങ്ങൾ മഹാസഖ്യം അധികാരത്തിലെത്തു മെന്നാണ് പ്രവചിച്ചിരുന്നത്. ടൈംസ് നൗ സി വോട്ടർ എക്‌സിറ്റ് പോൾ മഹാസഖ്യത്തിന് 120 സീറ്റും എൻ.ഡി.എക്ക് 116 സീറ്റും പ്രവചിച്ചിരുന്നതുമാണ്.