ഫോണ്‍ മോഷ്ടാവിനെ കുടുക്കിയത് അമ്മയുടെ ഫോണിലേക്ക് വന്ന ഒരു വിളി
കൊല്ലം: മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും മൊബൈല്‍ ഫോണ്‍ കടകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന ഉമയനല്ലൂര്‍ പടനിലം കിണറുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ ശരത്താണ് (24) പിടിയിലായത്. ഈസ്റ്റ് പൊലീസാണ് പിടികൂടിയത്.
ഈ മാസം നാലിന് പുലര്‍ച്ചെ പായിക്കട റോഡില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ കടയുടെ ഷട്ടര്‍ കുത്തിത്തുറന്ന് പതിനായിരം രൂപയും സര്‍വീസിന് നല്‍കിയ മൊബൈലും ശരത്തും സംഘവും കവര്‍ന്നിരുന്നു. കടയിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് ശരത്തിനെ പൊലീസ് തിരിച്ചറിഞ്ഞത്. ഇതെ തുടര്‍ന്ന് പോലീസ് ഉമയനല്ലൂരിലെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല.
തുടര്‍ന്ന് ശരത്തിന്റെ അമ്മയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അടുത്തിടെ നഗരത്തില്‍ വച്ച് മോഷ്ടിച്ചെടുത്ത ഒരു ഫോണില്‍ നിന്ന് കോള്‍ വന്നതായി കണ്ടു. ഫോണ്‍ കവര്‍ന്ന ശരത്തിന്റെ സുഹൃത്ത് ഉപയോഗിക്കാനായി നല്‍കുകയായിരുന്നു. ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എറണാകുളം കടവന്ത്രയില്‍ നിന്നാണ് പ്രതി പിടിയിലായത്.
കൊല്ലം ഈസ്റ്റ് ഇന്‍സ്‌പെക്ടര്‍ ആര്‍. രതീഷ്, എസ്.ഐമാരായ ദില്‍ജിത്ത്, ജയലാല്‍, സി.പിഒമാരായ സുനില്‍ഷാ അനില്‍, പ്രജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പരവൂരിലടക്കം സംഘം നടത്തിയ മോഷണങ്ങള്‍ ശരത്ത് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സംഘത്തിലെ മറ്റ് രണ്ടു പേര്‍ക്കായി അന്വേഷണം തുടരുകയാണ്.