ഇടിമിന്നലിനെ പ്രതിരോധിക്കാന്‍ ഭീമന്‍ ലേസര്‍ ദണ്ഡ് പരീക്ഷണവുമായി ഗവേഷകര്‍
ഇടിമിന്നലിനെ നിയന്ത്രിക്കാന്‍ ഭീമന്‍ ലേസര്‍ ദണ്ഡ് പരീക്ഷണവുമായി ഗവേഷകര്‍. മിന്നലിനെ പ്രതിരോധിക്കാന്‍ ലേസര്‍ വികിരണങ്ങള്‍ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ഗവേഷകര്‍. 20് വര്‍ഷത്തിലേറെയായി ലേസര്‍ ഗവേഷണങ്ങള്‍ നടത്തി വരുന്ന ജിയാന്‍ പിയറി വൂള്‍ഫ് എന്ന ഭൗതിക ശാസ്ത്രജ്ഞനാണ് ഈ പരീക്ഷണത്തിന് നേതൃത്വം നല്‍കിയത്. ജനീവ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ ലേസര്‍ ഉപയോഗപ്പെടുത്തുന്ന ഭീമന്‍ ദണ്ഡ് ആല്‍പ്സ് പര്‍വതനിരകളിലെ ഉയരമേറിയ സാന്റിസ് കൊടുമുടിയില്‍ സ്ഥാപിച്ചു.
നിരന്തരമായ ഗവേഷണങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഇത് സ്ഥാപിച്ചത്. കാലാവസ്ഥാ നിയന്ത്രണത്തില്‍ ലേസര്‍ വികിരണങ്ങള്‍ ഉപയോഗപ്പെടുത്തുന്നതില്‍ വിദഗ്ധനാണ് വൂള്‍ഫ്. ലോകത്തിലെ ഏറ്റവും ദൃഢ വസ്തുവായ വജ്രത്തെ മുറിക്കുന്നതിനും ശസ്ത്ര ക്രിയകളിലും ബാര്‍ കോഡുകള്‍ വായിക്കുന്നതിലും ലേസര്‍ ഉപയോഗപ്പെടുത്തുന്നു. വളരെ നേര്‍ത്തതും വളരെ ഊര്‍ജ്ജശേഷിയുള്ളതുമായ പ്രകാശ രശ്മികളാണ് ലേസര്‍.
ഉപകരണങ്ങള്‍ സ്ഥാപിക്കുന്നത് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഒരു കൊല്ലത്തോളം വൈകിയെങ്കിലും 8,200 അടി ഉയരമുള്ള കൊടുമുടിയില്‍ ഭീമന്‍ ദണ്ഡിനെ ഗവേഷക സംഘം എത്തിച്ചു. പ്രതിവര്‍ഷം 100 മുതല്‍ 400 തവണ വരെ മിന്നലിനെ തുടര്‍ന്ന് ആല്‍പ്സില്‍ സ്ഥിതി ചെയ്യുന്ന റേഡിയോ ട്രാന്‍സ്മിഷന്‍ ടവറിന്റെ പ്രവര്‍ത്തനം തടസ്സപ്പെടാറുണ്ട്. യൂറോപ്പില്‍ രൂക്ഷമായി മിന്നല്‍ പതിക്കുന്ന മേഖലയാണ് ഇത്.
മിന്നലിനെ പ്രതിരോധിക്കാന്‍ ലേസര്‍ ഉപയോഗപ്പെടുത്താമെന്ന കണ്ടെത്തല്‍ ഫലപ്രദമായി നിരീക്ഷിക്കാനും പരീക്ഷിക്കാനും ഏറ്റവും അനുയോജ്യമായ മേഖലയാണിതെന്നും വൂള്‍ഫ് വ്യക്തമാക്കി. മിന്നല്‍ രക്ഷാമാര്‍ഗമായി പ്രയോജനപ്പെടുത്തുന്നതിലൂടെ ലേസറിന്റെ വ്യത്യസ്തമായ ഉപയോഗങ്ങളുടെ കൂട്ടത്തില്‍ ഒന്ന് കൂടി എഴുതിച്ചേര്‍ക്കുകയാണ് വൂള്‍ഫ്.