സ്വകാര്യ ആശുപത്രികളിലെ കൊറോണ വാക്‌സിൻ നിരക്ക് 250 രൂപ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ന്യൂ ഡെൽഹി: സ്വകാര്യ ആശുപത്രികളിലെ കൊറോണ വാക്‌സിൻ നിരക്ക് സംബന്ധിച്ച് ധാരണയായി. 250 രൂപയാണ് ഒരു ഡോസ് വാക്‌സിൻ സ്വകാര്യ ആശുപത്രികളിൽ ഈടാക്കുക എന്നാണ് വിവരം. രണ്ടാം ഘട്ട കൊറോണ വാക്‌സിൻ കുത്തിവെപ്പ് തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് നടപടി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തും. വാക്‌സിൻ നിർമാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചർച്ച നടത്തിയ ശേഷമാണ് നിരക്ക് തീരുമാനിച്ചത്.
വാക്‌സിന് സ്വകാര്യ ആശുപത്രികളിൽ 250 രൂപയാണ് ഈടാക്കുകയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറഞ്ഞു. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക.
60 വയസ്സ് കഴിഞ്ഞവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളിൽ പ്രായമുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്‌സിൻ നൽകുക. സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൗജ്യനിരക്കിലാണ് രാജ്യത്തുടനീളം ലഭ്യമാക്കുക.
കേരളത്തിൽ വാക്‌സിൻ പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ സ്വകാര്യ ആശുപത്രികളിൽ വാകിസിനേഷൻ പണം നൽകണമെന്ന് കേന്ദ്ര സർക്കാർ അറിയിച്ച ശേഷം സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അറുപത് വയസ്സിനു മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ ലഭിക്കും. 60 വയസ്സ് കഴിഞ്ഞവർ 10 കോടിയിലധികം വരുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തൽ. 45 വയസ്സുള്ളവർ രോഗം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം.