ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്ന് കർഷകർ.

ന്യൂഡൽഹി / കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കർഷകപ്രക്ഷോഭം അവസാനിപ്പിക്കാൻ മുന്നോട്ടുവച്ച ഉപാധികൾ പ്രതിഷേധക്കാർ തള്ളി. ചർച്ച വേണമെങ്കിൽ സമരവേദിയിലേക്കു വരണമെന്നും കർഷക സംഘടനകൾ വ്യക്തമാക്കി. ഉപാധിവച്ചുള്ള ചർച്ചയ്ക്ക് താത്പര്യമില്ലെന്നും ബുറാഡിയിലെ സമരവേദിയിലേക്കു മാറില്ലെന്നും, കർഷക സംഘടനകൾ ആവശ്യപെട്ടു. ഞായറാഴ്ച ചേർന്ന യോഗത്തിലാണ് കർഷക സംഘടനകൾ ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്. ഇതിനു പിറകെ രംഗത്തെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ കർഷക നിയമങ്ങളെ പിന്തുണച്ച് രംഗത്തെത്തി. പുതിയ കാർഷിക നിയമങ്ങൾ പുതിയ അവസരങ്ങളും അവകാശങ്ങളും നൽകുമെന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്.
കർഷകർ സമരം അവസാനിപ്പിച്ചാൽ ചർച്ചയാവാമെന്നാണു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരിക്കുന്നത്. കർഷകരുടെ ഏതു പ്രശ്നവും ചർച്ച ചെയ്യാൻ സർക്കാർ തയാറാണെന്നും എന്നാൽ അതിനു മുൻപ് പോലീസ് നിർദേശിച്ച സ്ഥലത്തേക്ക് സമരം മാറ്റണമെന്നും അമിത് ഷാ ആവശ്യപ്പെടുകയായിരുന്നു. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ഡിസംബർ മൂന്നിന് കർഷക പ്രതിനിധികളെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അമിത്ഷാ പറഞ്ഞു. നേരത്തെ കൃഷിമന്ത്രിയും കർഷകരുമായി ചർച്ചയ്ക്കു തയാറാണെന്ന് അറിയിച്ചിരുന്നു. അതേസ മയം, ഡൽഹിയിൽ പലയിടത്തും, കർഷകർ അവരുടെ ട്രാക്ടറുകളും ട്രോളികളുമായി ദേശീയപാതകളിൽ നിലയുറപ്പിച്ചിരിക്കുന്ന അവസ്ഥയാണ് ഉള്ളത്.