ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നിഷേധിക്കാൻ ശ്രമം; കൊല്ലത്ത് കോൺഗ്രസിൽ കൂട്ട രാജി

കൊല്ലം: കൊല്ലം നിയമസഭ സീറ്റ് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് നിഷേധിക്കുവാനുള്ള നീക്കം നടക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിൽ ചില നേതാക്കൾ രാജി ഭീഷണിയുമായി രംഗത്ത് വന്നു. ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് രണ്ട് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റുമാരും മുഴുവൻ മണ്ഡലം പ്രസിഡന്റുമാരും രാജിവെച്ചു.
കൊല്ലം മണ്ഡലത്തിൽ സുപരിചിതയായ ബിന്ദു കൃഷ്ണയെ സ്ഥാനാർഥിയായി പരിഗണിക്കാത്തതിനെ ചൊല്ലിയാണ് പ്രതിഷേധം. മണ്ഡലത്തിന് പുറത്തുള്ളവരെ സ്ഥാനാർഥിയാക്കരുത്. ബിന്ദു കൃഷ്ണക്ക് സീറ്റ് നിഷേധിച്ചാൽ കൊല്ലം ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളെയും ബാധിക്കുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു. കൊല്ലത്ത് ഇതിനകം ബിന്ദു കൃഷ്ണക്കായി ചുവരെഴുത്ത് വരെ തുടങ്ങിയിരുന്നു.
പുനലൂരിൽ നിന്നുള്ള കോൺഗ്രസ് നേതാക്കളും രാജിവെച്ചു. ഡിസിസി ഭാരവാഹികളും ബ്ലോക്ക് ഭാരവാഹികളുമാണ് രാജിവെച്ചത്. ലീഗിന് സീറ്റ് നൽകിയതിൽ പ്രതിഷേധിച്ചാണ് രാജി. ലീഗ് സ്ഥാനാർഥിയാണെങ്കിൽ പുനലൂരിൽ യുഡിഎഫ് മൂന്നാമതെത്തുമെന്നാണ് നേതാക്കളുടെ മുന്നറിയിപ്പ്.