‘പെണ്ണിനെന്താ കുഴപ്പം?’; കെ.കെ ശൈലജയെ തഴഞ്ഞതിൽ ഗായിക സിത്താരയുടെ പ്രതികരണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കെ.കെ ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകാത്തതിൽ സിപിഎമ്മിനെതിരെ പ്രതിഷേധം പുകയുന്നു. കോവിഡ് മഹാമാരിക്കിടെ കെ.കെ ശൈലജയെ മാറ്റിനിർത്തിയതിനെതിരെ സാമൂഹിക സാംസ്കാരിക രംഗത്തുനിന്നും നിരവധിയാളുകളാണ് വിമർശനവുമായി രംഗത്തെത്തിയത്. ഏറ്റവുമൊടുവിൽ പിന്നണി ഗായിക സിത്താര കൃഷ്ണകുമാറാണ് ശെലജയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
‘പെണ്ണിനെന്താ കുഴപ്പം?’ എന്നായിരുന്നു സിത്താരയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരം അത് പിൻവലിക്കുകയും ചെയ്തു. നിയമസഭയിൽ മുൻപൊരിക്കൽ കെ.കെ ശൈലജ പറഞ്ഞ വാക്കുകൾ കടമെടുത്താണ് സിത്താര ഫേസ്ബുക്ക് പോസ്റ്റിട്ടത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി സിത്താര ആലപിച്ച ഇടതുപക്ഷത്തിന്റെ പ്രചാരണ ഗാനം വൈറലായിരുന്നു.
റിമ കല്ലിങ്കൽ, പാർവതി തിരുവോത്ത്, രജിഷ വിജയൻ, ഗീതു മോഹൻദാസ് തുടങ്ങിയ നടിമാർ കെ.കെ ശൈലജയെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. #bringbackshailajateacher #bringourshailajateacherback എന്നീ ഹാഷ്ടാഗുകളോടെയുള്ള ക്യാമ്പയിനും പ്രശസ്തരുൾപ്പെടെ നിരവധിയാളുകളാണ് ഏറ്റെടുത്തിരിക്കുന്നത്.