കെടി ജലീലിന്റെ തോളത്തിരുന്ന് ഫിറോസിക്കയെ ഇഷ്ടമെന്ന് പറഞ്ഞു, സമയെ കാണാന്‍ ഫിറോസെത്തി
തവനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ ടി ജലീലിനോട് മത്സരിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബില്‍ എത്തിയതോടെ സൈബര്‍ പ്രചാരണവും കൊഴുക്കുകയാണ്. തവനൂരില്‍ പ്രചാരണത്തിനിടെയുള്ള ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയാണ്. ചെറിയ വീഡിയോകളും ട്രോളുകളുമൊക്കെയായി കൊണ്ടും കൊടുത്തും ജലീല്‍ – ഫിറോസ് അനുകൂലികള്‍ സോഷ്യല്‍ മീഡിയയിലെ പ്രചാരണം പൊടിപൊടിക്കുകയാണ്.
പ്രചാരണത്തിനിടെ മന്ത്രി കെ ടി ജലീല്‍ കയ്യിലെടുത്തപ്പോള്‍ ഒരു കുട്ടി ‘ഫിറോസിക്ക വരില്ലേ’ എന്ന് ചോദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. കുട്ടിയുടെ ചോദ്യം കേട്ട് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പൊട്ടിച്ചിരിച്ചു. ഇത് നമ്മുടെ സ്ഥാനാര്‍ഥിയാണെന്ന് കൂടെയുണ്ടായിരുന്നയാള്‍ പറയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ കുട്ടി വീണ്ടും ഫിറോസിക്ക വരില്ലേ എന്നാണ് ചോദിച്ചത്. വരും വരും എന്ന് മറുപടി നല്‍കിയാണ് മന്ത്രി അവിടെ നിന്നും പോയത്.