“ഫെബ്രുവരി 23ന് ചെയ്തത് എന്താണോ വേണ്ടിവന്നാൽ അതുതന്നെ വീണ്ടും ചെയ്യും”; ഡെൽഹി വംശീയ അതിക്രമത്തിന് ഒരാണ്ട് തികയുന്ന വേളയിൽ വിവാദ പ്രസ്താവനയുമായി കപിൽ മിശ്ര

ന്യൂ ഡെൽഹി: വീണ്ടും വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ് കപിൽ മിശ്ര. ഡെൽഹി വംശീയ അതിക്രമത്തിന് ഒരാണ്ട് തികയുന്ന വേളയിലാണ് വിവാദം വീണ്ടും ഉയരുന്നത്. “ഫെബ്രുവരി 23ന് ചെയ്തത് എന്താണോ വേണ്ടിവന്നാൽ അതുതന്നെ വീണ്ടും ചെയ്യും” എന്നാണ് ഡെൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള ‘ഡെൽഹി റയറ്റ്‌സ്: ദി അൺ ടോൾഡ് സ്റ്റോറി’ എന്ന പുസ്തകത്തിന്റെ ചർച്ചയിൽ കപിൽ മിശ്ര പ്രകോപന പ്രസ്താവന ഇറക്കിയത്.
ഇന്റലിജൻസ് ബ്യൂറോ ഓഫീസർ അങ്കിത് ശർമ്മയേയും കോൺസ്റ്റബിൾ രത്തൻ ലാലിനേയും രക്ഷിക്കാൻ കഴിഞ്ഞില്ല എന്നതിനപ്പുറം ഒരു ഖേദവുമില്ലെന്നും കപിൽ മിശ്ര പറഞ്ഞു. കലാപത്തിൽ ഇരുവരും കൊല്ലപ്പെട്ടിരുന്നു. ജിഹാദി ശക്തികളുടെ നേതൃത്വത്തിൽ ഡെൽഹിയിൽ കലാപം നടത്തിയിട്ട് ഒരു വർഷമായിരിക്കുന്നു, ഇതുപോലത്തെ സംഭവങ്ങൾ ഇന്നും നടക്കുന്നുണ്ട്, റിപ്പബ്ലിക് ദിനത്തിൽ സംഭവിച്ചതും അതാണ്. ഇന്ത്യാ വിരുദ്ധരുടെ നേതൃത്വത്തിൽ ഇപ്പോഴും ചില ദുഷ്ടശക്തികൾ തലസ്ഥാനത്തെ സമാധാനം തകർക്കാൻ ശ്രമിക്കുന്നുണ്ടെന്നും കപിൽ മിശ്ര പറഞ്ഞു.
കലാപത്തിൽ ഇരകളായ ഹിന്ദുക്കളെ ഞങ്ങൾ സഹായിച്ചിട്ടുണ്ട്. മറുവശത്തെ എന്തുകൊണ്ടാണ് സഹായിക്കാത്തതെന്ന് ചോദിച്ചിരുന്നു, വഖഫ്‌ബോർഡും ഡെൽഹി സർക്കാരും സന്നദ്ധ സംഘടനകളും പിന്നെ മാധ്യമങ്ങളും അവർക്ക് പിന്നിലുള്ളതുകൊണ്ടാണതെന്നും കപിൽ മിശ്ര പറഞ്ഞു.
പൗരത്വനിയമഭേദഗതിക്കെതിരെ ഡെൽഹിയിൽ നടന്ന സമാധാനപരമായ പ്രതിഷേധം കലാപമായി മാറിയത് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗങ്ങളായിരുന്നു. പൗരത്വഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ മാറ്റിയില്ലെങ്കിൽ ബാക്കി ഞങ്ങൾ നോക്കാം എന്ന കപിൽ മിശ്രയുടെ പരാമർശമാണ് ഡെൽഹിയെ കലാപത്തിലേക്ക് തള്ളിവിട്ടത്. കപിൽ മിശ്രയുടെ വീഡിയോ സമൂഹാമധ്യമങ്ങളിൽ പ്രചരിച്ചതിന് തൊട്ടടുത്ത ദിവസാണ് ഡൽഹി അക്രമത്തിലേക്ക് പോയതും. 53 പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.
മുതിർന്ന സുപ്രീംകോടതി അഭിഭാഷക മോണിക അരോറ, മിറന്ദ ഹൗസ് അസിസ്റ്റൻഡ് പ്രൊഫസർ സൊണാലി ചിതൽക്കർ, എഴുത്തുകാരിയും ഡെൽഹി യൂണിവേഴ്‌സിറ്റി അദ്ധ്യാപികയുമായിരുന്ന പ്രേരണ മൽഹോത്ര എന്നിവർ ചേർന്ന് എഴുതിയതാണ് ഡെൽഹി റയറ്റ്‌സ്: ദി അൺ ടോൾഡ് സ്റ്റോറി. പുസ്തകം സത്യത്തെ മറച്ചുപിടിച്ച് കള്ളം പ്രചരിപ്പിക്കുന്നതാണെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.