“ആളുകൾ സ്‌നേഹം കൊണ്ട് എന്തെല്ലാം വിളിക്കുന്നു, താൻ വിളിക്കുന്നത് വിജയേട്ടാ എന്നാണ് വിളിക്കുന്നത്”; ക്യാപ്ടൻ വിഷയത്തിൽ എകെ ബാലൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്ടൻ എന്ന് വിളക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മന്ത്രി എ കെ ബാലൻ. ക്യാപ്ടനെന്നോ സഖാവെന്നോ വിളിച്ചോട്ടെ, അതിൽ എന്തിനാണ് വിവാദമെന്ന് അദ്ദേഹം ചോദിച്ചു.
ആളുകൾ സ്‌നേഹം കൊണ്ട് എന്തെല്ലാം വിളിക്കുന്നു. താൻ വിളിക്കുന്നത് വിജയേട്ടാ എന്നാണെന്നും ബാലൻ പറഞ്ഞു. പാർട്ടിയാണ് ക്യാപ്ടനെന്ന് കഴിഞ്ഞ ദിവസം പി ജയരാജൻ പ്രതികരിച്ചിരുന്നു. കമ്മ്യൂണിസ്റ്റുകാർ വ്യക്തി പൂജയിൽ അഭിരമിക്കുന്നവരല്ല, വ്യക്തികളല്ല പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പെന്നായിരുന്നു അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയത്. ഇത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
പി ജയരാജൻ പറഞ്ഞതെല്ലാം ശരിയായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. പാർട്ടിയാണ് ക്യാപ്ടനെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകാർക്ക് വേണ്ട ജാഗ്രത പുലർത്തുന്ന രീതിയാണ് തന്റെതെന്നും പിണറായി കൂട്ടിച്ചേർത്തു.