വിലക്കയറ്റത്താല്‍ പൊറുതിമുട്ടുന്ന കേരളീയര്‍ക്ക് ഇടിത്തീയായി വെള്ളക്കരവും കൂട്ടുന്നു
തിരുവനന്തപുരം: വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനത്തിനു കൂനിന്മേല് കുരുവായി കറന്റ് ചാര്‍ജ്, ബസ് ചാര്‍ജ് വര്‍ധനയ്ക്കു പുറമേ കുടിവെള്ളക്കരവും കൂട്ടാന്‍ ഒരുങ്ങുന്നു. വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചാല്‍ വെള്ളക്കരവും കൂട്ടാതെ മാര്‍ഗമില്ലെന്നാണ് ജല അതോറിറ്റിയുടെ നിലപാട്. മുമ്പ് വെദ്യുതി നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ വെള്ളക്കരം കൂട്ടാന്‍ അതോറിറ്റി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ സമ്മതിച്ചിരുന്നില്ല. ശമ്പളവിതരണത്തിനുപോലും ബുദ്ധിമുട്ടുന്ന ജല അതോറിറ്റിക്ക് വൈദ്യുതിനിരക്ക് വര്‍ധനയുണ്ടായാല്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് അധികൃതര്‍ പറയുന്നു.
കഴിഞ്ഞ ഏപ്രിലില്‍ പ്രാബല്യത്തിലാകുംവിധം നേരത്തേ വെള്ളക്കരം വര്‍ധിപ്പിച്ചിരുന്നു. കോവിഡ് കാലത്ത്കൂടുതല് വായ്പയെടുക്കാനുള്ള അനുമതിക്കായി കേന്ദ്രനിര്‍ദേശപ്രകാരം പ്രതിവര്‍ഷം അഞ്ച് ശതമാനം വര്‍ധന വെള്ളക്കരത്തില്‍ നിലവിലുണ്ട്. ഇതിനു മുമ്പ് 2014-ലാണ് വെള്ളക്കരം വര്‍ധിപ്പിച്ചത്. കുടിവെള്ളവിതരണത്തിന് അതോറിറ്റിക്കുണ്ടാകുന്ന ചിലവിന്റെ പകുതിയും വൈദ്യുതി നിരക്ക് ഇനത്തിലാണ്.
1000 ലിറ്റര്‍ കുടിവെള്ളം ശുദ്ധീകരിക്കാന്‍ 23.89 രൂപയാണു ചെലവ്. വിതരണം ചെയ്യുമ്പോള്‍ 10.48 രൂപ മാത്രമാണു ലഭിക്കുന്നത്. വൈദ്യുതി നിരക്ക് വര്‍ധിക്കുമ്പോള്‍ നഷ്ടം ഇനിയും കൂടുമെന്ന് അതോറിറ്റി ചൂണ്ടിക്കാട്ടുന്നു. കരത്തിന്റെ കുടിശികയും വന്‍തോതില്‍ വര്‍ധിക്കുന്നുണ്ട്. സര്‍ക്കാര്‍ തന്നെയാണ് ഏറ്റവുമധികം കുടിശിക വരുത്തുന്നത്. തദ്ദേശസ്ഥാപനങ്ങളും പിന്നിലല്ല. സ്വകാര്യസ്ഥാപനങ്ങളുടെ കുടിശിക കേസുകളില്പ്പെട്ടുകിടക്കുകയാണ്.
ഒടുവിലത്തെ കണക്കുപ്രകാരം വാട്ടര്‍ അതോറിറ്റിക്ക് 1,781.52 കോടി രൂപയുടെ ബാധ്യതയുണ്ട്. പിരിഞ്ഞുകിട്ടാനുള്ളത് 1,891.94 കോടി രൂപ. ഇതില്‍ 226,73,55,689 രൂപ ഗാര്‍ഹിക ഉപയോക്താക്കളില്‍നിന്നു കിട്ടാനുള്ളതാണ്. കുടിശിക പിരിച്ചെടുക്കാനുള്ള ഊര്ജിതശ്രമങ്ങള്ക്കു സര്‍ക്കാര്‍ സമ്മര്‍ദം തന്നെയാണു പലപ്പോഴും തടസം. സര്‍ക്കാര്‍ അതോറിറ്റിക്കു നല്‍കിയിരുന്ന പദ്ധതിയേതരവിഹിതവും മുടങ്ങുന്ന അവസ്ഥയാണ്. പ്രതിവര്‍ഷം 34 കോടി രൂപ നല്കിയിരുന്നതു വെട്ടിക്കുറച്ചു. ഈവര്‍ഷം ആകെ 21 കോടി രൂപയാണ് നല്‍കിയത്. അതോറിറ്റിയുടെ നഷ്ടം പരിഹരിക്കാന്‍ ആരംഭിച്ച കുപ്പിവെള്ളം പദ്ധതി നഷ്ടപ്പെട്ടു.