Editor's ChoiceKerala NewsLatest NewsLaw,NationalNews

തദ്ദേശസ്വയംഭരണ വകുപ്പിലെ 5 വകുപ്പുകളെ സംയോജിപ്പിക്കുന്ന പൊതുസർവീസ് ജനുവരി 26നു മുൻപു പ്രാബല്യത്തിലാകും.

തിരുവനന്തപുരം / തദ്ദേശസ്വയംഭരണ വകുപ്പിലെ 5 വകുപ്പുകളെ സംയോജിപ്പിച്ച് ഉണ്ടാക്കുന്ന പൊതുസർവീസ് ജനുവരി 26നു മുൻപു പ്രാബല്യത്തിലാകും. ഇതിനായുള്ള പ്രത്യേകചട്ടങ്ങളുടെ കരട് സർക്കാർ പ്രസിദ്ധീകരിച്ചു. ലോക്കൽ സെൽഫ് ഗവൺമെന്റ് കമ്മിഷൻ സമർപ്പിച്ച കരട്ചട്ടങ്ങളും തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനായ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടും പരിഗണിച്ചാണ് ഇത് തയാറാക്കിയിരിക്കുന്നത്.
സർക്കാരുമായി നടത്തിയ ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെന്ന് ആരോപിച്ച് പൊതുസർവീസിനെ എതിർത്തു ജീവനക്കാരുടെ ഏതാനും സംഘടനകൾ നേരത്തേ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. താഴെത്തട്ടിലെ ജനങ്ങൾക്കുള്ള സേവനത്തിൽ പൊതുസർവീസ് പ്രയോജനപ്പെടില്ലെന്ന വാദമാണ് സംഘടനകൾ മുഖ്യമായും ഉന്നയിച്ചിട്ടുള്ളത്. ജീവനക്കാരുടെ സേവനവ്യവസ്ഥകളെ ബാധിക്കുന്ന പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ ട്രൈബ്യൂണലിന്റെ നിർദേശമുണ്ടെങ്കിലും, പൊതുസർവീസ് നടപ്പാക്കുന്നതിന് ട്രൈബ്യൂണൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. നിലവിലുള്ള സാഹചര്യത്തിൽ ചട്ടങ്ങളുടെ കരട് സംബന്ധിച്ചു സർവീസ് സംഘടനകളുമായി വീണ്ടും സർക്കാർ ചർച്ചയ്ക്കു തയാറായേക്കും. പിന്നീട്, പ്രത്യേകചട്ടങ്ങൾ പൊതുഭരണവകുപ്പ് വഴി കേരള പബ്ലിക് സർവീസ് കമ്മിഷന് അയച്ചുകൊടുക്കും. പിഎസ്‌സി അംഗീകരിച്ച ശേഷം സർക്കാർ അവ വിജ്ഞാപനം ചെയ്യും. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ തദ്ദേശ വകുപ്പിൽ പൊതുസർവീസ് രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിരുന്നതാണ്. പഞ്ചായത്ത്, ഗ്രാമവികസനം, നഗരകാര്യം, എൻജിനീയറിങ്, നഗര – ഗ്രാമാസൂത്രണം എന്നീ വകുപ്പുകളെ ഏകീകരിച്ചാണിത്. മന്ത്രിസഭായോഗം കഴിഞ്ഞ ജൂലൈയിൽ ഇതിനു അംഗീകാരം നൽകി. ഇനി നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപു പൊതുസർവീസ് നടപ്പാക്കുകയാണു സർക്കാർ ലക്‌ഷ്യം വെക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button