ചിറയിന്‍കീഴില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ചിറയിന്‍കീഴില്‍ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ചിറയിന്‍കീഴ് വിളയില്‍ മൂല സ്വദേശി ശ്രീ കുട്ടന്‍ എന്ന് വിളിക്കുന്ന അഭിജിത്ത്, ചിറയിന്‍കീഴ് സ്വദേശിയായ സിനോഷ്, കല്ലുവാതുക്കല്‍ സ്വദേശികളായ സുധീഷ്, സ്നേഹന്‍ എന്നിവരാണ് അറസ്റ്റിലായത്.
തെക്കേ അരയതുരുത്തി സ്വദേശി അജിത്തിനെ വെള്ളിയാഴ്ച രാവിലെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുടപുരത്ത് വയലിനു സമീപത്താണ് മൃതദേഹം കണ്ടെത്തിയത്.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്ന അജിത്ത്, ഒന്നാം പ്രതിയായ അഭിജിത്തിനെ പണം ആവശ്യപ്പെട്ടും മറ്റും സ്ഥിരം ശല്യപ്പെടുത്തുകയും മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
എട്ടു പേരടങ്ങിയ സംഘമാണ് കൊലപാതകം ചെയ്തത് എന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ഇനിയും നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
വ്യാഴാഴ്ച രാത്രിയില്‍ അഭിജിത്തും സംഘവും ചേര്‍ന്ന് അജിത്തിന് മുടപുരം വയലിന് സമീപം എത്തിക്കുകയും മാരകായുധങ്ങള്‍ കൊണ്ട് ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം അഭിജിത്താണ് ആയുധങ്ങള്‍ വീടിനു സമീപത്തെ പുരയിടത്തില്‍ ഉപേക്ഷിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.