വേൽമുരുകന്റെ ശരീരത്തിൽ നാല് വെടിയുണ്ടകളും, നാല്പതിലേറെ മുറിവുകളും.

കോഴിക്കോട്/ വയനാട്ടിൽ പോലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകളും, നാല്പതിലേറെ മുറിവുകളും. വേൽമുരുകന്റെ പുറത്ത് വന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെടുത്തതായാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എക്സ്റേ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെടുക്കുന്നത്. ശരീരത്തിൽ നാൽപ്പതിലേറെ മുറിവുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. നെഞ്ചിലും വയറിലുമാ യാണ് നാൽപതിലേറെ മുറിവുകൾ കണ്ടെത്തിയത്. മുറിവുകൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഉണ്ടായതാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. അതേസമയം, ഏറ്റുമുട്ടലിൽ വെടിയേറ്റാണ് വേൽമുരുകൻ മരണപെട്ടതെന്ന പോലീസ് ഭാഷ്യം ശരിയാണെങ്കിൽ നെഞ്ചത്തും വയറ്റിലുമായുള്ള നാല്പതിലേറെ മുറിവുകൾ എങ്ങനെ ഉണ്ടായി എന്നത് കൂടുതൽ സംശയങ്ങൾക്ക് വഴിയൊരുക്കുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ് വേൽമുരുകന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയത്.