CrimeLatest NewsNationalNewsUncategorized

ജയ് ശ്രീറാം വിളിച്ചില്ല; നാലാം ക്ലാസുകാരന് ബിജെപി പ്രവർത്തകന്റെ ക്രൂരമർദ്ദനം

കൊൽക്കത്ത: ജയ് ശ്രീറാം വിളിച്ചില്ലെന്നാരോപിച്ച്‌ നാലാം ക്ലാസുകാരനെ ബിജെപി പ്രവർത്തകൻ ക്രൂരമായി മർദ്ദിച്ചു. പശ്ചിമബംഗാളിലെ നാദിയ ജില്ലയിൽ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ മഹാദേവ് ശർമ (10) രണഘട്ട് സബ് ഡിവിഷനൽ ആശുപത്രിയിൽ ചികിൽസയിലാണെന്ന് ടെലഗ്രാഫ് റിപോർട്ട് ചെയ്തു. കുട്ടിയുടെ മുഖത്തും തലയിലും പിൻഭാഗത്തുമെല്ലാം മർദ്ദിച്ചതിന്റെ പാടുകളുണ്ട്. ബിജെപി പ്രവർത്തകനും പ്രാദേശിക വനിതാ നേതാവ് മിത്തു പ്രമാണിക്കിന്റെ ഭർത്താവുമായ മഹാദേബ് പ്രമാണിക് ആണ് കുട്ടിയെ ഉപദ്രവിച്ചത്.

നദിയ ജില്ലയിലെ ഫുലിയ എന്ന സ്ഥലത്ത് ചായക്കട നടത്തിവരികയാണ് പ്രമാണിക്. കടയുടെ മുന്നിലൂടെ പോയ കുട്ടിയെ ഇയാൾ വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തൃണമൂൽ പ്രവർത്തകനായ ശ്യാം ചന്ദ് ശർമയുടെ മകനാണ് മഹാദേവ്. 17ന് നടന്ന വോട്ടെടുപ്പിനിടെ ശർമയും പ്രമാണിക്കുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് പ്രമാണിക് കുട്ടിയെ ഉപദ്രവിച്ചത്. കുട്ടിയുടെ മുന്നിൽവച്ച്‌ പിതാവിനെ അധിക്ഷേപിച്ച്‌ സംസാരിച്ചു. പിന്നാലെ ജയ് ശ്രീറാം വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടി വഴങ്ങിയില്ല. തുടർന്നായിരുന്നു മർദ്ദനമുറകൾ. ഗ്രാമവാസികളിൽ ചിലർ കുട്ടിയുടെ സഹായത്തിനെത്തിയതോടെയാണ് പ്രമാണിക് മർദ്ദനം അവസാനിപ്പിച്ചത്.

ആന്തരികക്ഷതമുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താൻ സിടി സ്‌കാനിനും നിർദേശിച്ചിട്ടുണ്ട്. മഹാദേവിന്റെ നില തൃപ്തികരമാണെങ്കിലും മർദ്ദനമേറ്റ ആഘാതത്തിൽനിന്നും ഇതുവരെ മുക്തനായിട്ടില്ലെന്ന് ഡോക്ടർ പറഞ്ഞു. അക്രമാസക്തരായ പ്രദേശവാസികൾ പ്രമാണിക്കിനെ മർദ്ദിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ ദേശീയപാത- 12 ഉപരോധിച്ചു. അന്വേഷണം ആരംഭിച്ചതായും പ്രമാണിക്കിനെ അറസ്റ്റുചെയ്യുമെന്നും പ്രതിഷേധക്കാർക്ക് പോലിസ് ഉറപ്പ് നൽകിയതോടെ ഉപരോധം അവസാനിച്ചു. അതേസമയം, പോലിസ് കേസെടുത്തതോടെ പ്രമാണിക് ഒളിവിൽ പോയിരിക്കുകയാണെന്നാണ് റിപോർട്ടുകൾ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button