Kerala NewsLatest NewsNewsPolitics

പിണറായിയെ സംശയമുനയില്‍ നിര്‍ത്തി ജി. ശക്തിധരന്റെ പിജി അനുസ്മരണം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി ജി. ശക്തിധരന്റെ എഫ്ബി പോസ്റ്റ്. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്ററും ജനശക്തി മാസികയുടെ എഡിറ്ററുമായ ജി. ശക്തിധരന്‍ പി. ഗോവിന്ദപ്പിള്ളയെ അനുസ്മരിച്ച് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പ് പാര്‍ട്ടിയിലും നേതാക്കള്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും വലിയ ചര്‍ച്ചയ്ക്കാണ് വഴിവച്ചിരിക്കുന്നത്. സിപിഎം നേതാവായിരുന്ന പി. ഗോവിന്ദപ്പിള്ളയുടെ ചരമദിനമാണ് ഇന്ന്. ഇന്നലെ ഗോവിന്ദപ്പിള്ളയെ പാര്‍ട്ടി സാമ്പത്തിക ക്രമക്കേട് കുറ്റം ആരോപിച്ച് പുറത്താക്കിയ സംഭവം അനുസ്മരിച്ചുള്ള കുറിപ്പിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഗോവിന്ദപ്പിള്ളയെ പുറത്താക്കിയ പാര്‍ട്ടി നടപടി, അത് പാര്‍ട്ടിയിലും പ്രവര്‍ത്തകരിലും ദേശാഭിമാനിയിലും ഉണ്ടാക്കിയ അവസ്ഥ, ഗോവിന്ദപ്പിള്ളയും ഭാര്യയും അനുഭവിച്ച മാനസിക സമ്മര്‍ദം തുടങ്ങിയവ അതി വൈകാരികമായി വിവരിച്ച ശേഷം ശക്തിധരന്‍ നടത്തുന്ന വെളിപ്പെടുത്തലും ഉയര്‍ത്തുന്ന ചോദ്യവുമാണ് ഏറെ കോളിളക്കമുണ്ടാക്കുന്നത്. തന്റെ എഫ്ബി പോസ്റ്റില്‍ ശക്തിധരന്‍ പറയുന്നത് ഇങ്ങിനെ-


‘പിജിക്കെതിരെ അന്ന് നടപടി എടുക്കുന്നതില്‍ പങ്ക് വഹിച്ചവരുടെ നിഴലുകള്‍ ഇപ്പോളും ഈ പാര്‍ട്ടിയില്‍ ഉന്നത പദവികളിലുണ്ടല്ലോ. അവരോടാണ് എനിക്ക് ഒരു ചോദ്യമുള്ളത്. പാര്‍ട്ടിയോട് കടുത്ത ആരാധനയും കൂറുമുള്ള ഒരു ഉന്നത വ്യക്തി പതിവായി പാര്‍ട്ടിയുടെ ഉയര്‍ന്ന നേതൃത്വത്തിലുള്ള ഒരാളുടെ പേരില്‍ (അദ്ദേഹം ഇപ്പോള്‍ മന്ത്രിയുമാണ്) സംഭാവന എന്ന നിലയില്‍ വിശ്വാസപൂര്‍വം അയച്ചുകൊണ്ടിരുന്ന ചെക്കുകള്‍ ബാങ്കില്‍ മാറിയിട്ടുണ്ടെങ്കിലും അത് പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വന്നില്ല. എന്തുകൊണ്ട്? എന്തിനാണ് അത് ആ വ്യക്തിയുടെ പേരില്‍ അയച്ചതെന്ന് ചോദിക്കാം. പക്ഷെ അദ്ദേഹം മന്ത്രിയാകുന്നതിന് മുമ്പ് അങ്ങിനെ ഒരു പദവിയില്‍ ആയിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ പണാപഹരണം നടക്കുന്നതായി അദ്ദേഹം നല്‍കിയ ചെക്കുകളുടെ ഫോട്ടോസ്റ്റാറ്റും വിശദവിവരങ്ങളും അടങ്ങിയ നിരവധി പരാതി അദ്ദേഹത്തിന്റെ അടുപ്പക്കാരനായ പിബി അംഗത്തിനും സംസ്ഥാന സെക്രട്ടറിയ്ക്കും അദ്ദേഹം അയച്ചു. ഒരു അന്വേഷണവും നടന്നില്ല. എന്തുകൊണ്ട്? ഇപ്പോഴും ഇതൊന്നും പുറത്തുവരരുതെന്നു അദ്ദേഹം ആഗ്രഹിക്കുന്നത് പാര്‍ട്ടിയോടുള്ള അമിതമായ സ്‌നേഹവായ്പ്പ് കൊണ്ടുമാത്രം. ഈ പാര്‍ട്ടിയോടുള്ള കൂറുകൊണ്ട് മാത്രം ഇത് മനസ്സില്‍ അടക്കിപ്പിടിച്ച് കഴിയുന്നു.പിജിക്ക് പാര്‍ട്ടിയില്‍ അധികാരമില്ലായിരുന്നു. ചെക്കുകള്‍ വീഴുങ്ങുന്ന ആളിന്റെ കയ്യില്‍ സമസ്ത അധികാരങ്ങളും ഉണ്ട്. ഇതാണ് മുഖം നോക്കി ‘തെമ്മാടിക്കുഴി’ വിധിക്കുന്നതിന്റെ പൊരുള്‍ നാളെ കേരളം പിജിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കുമ്പോള്‍ കമ്മ്യുണിസത്തിനും ചില തിരുത്തലുകള്‍ വേണ്ടേ എന്ന് ചോദിയ്ക്കാന്‍ തോന്നുന്നു.’

ഈ വാക്കുകളാണ് പിണറായിയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. പാര്‍ട്ടിയിലേക്കു തുടര്‍ച്ചയായി വരുന്ന സംഭാവനകള്‍ പാര്‍ട്ടി സെക്രട്ടറി അറിയാതെ ബാങ്കില്‍ നിന്ന് മാറിയെടുക്കുന്നതെങ്ങിനെ എന്ന ചോദ്യമാണ് പലരും ഉയര്‍ത്തുന്നത്. സംസ്ഥാന മന്ത്രിസഭയില്‍ ഇപ്പോഴുള്ള സിപിഎം നേതാക്കള്‍ക്ക് ആര്‍ക്കും ഗോവിന്ദപ്പിള്ളയെ പുറത്താക്കിയതില്‍ പങ്കില്ല. വ്യക്തിയുടെ പേരില്‍ പാര്‍ട്ടിക്ക് ചെക്ക് വാങ്ങാന്‍ തരത്തില്‍ ഉയര്‍ന്നുവന്ന് പാര്‍ട്ടി ഭാരവാഹിയായവരും അക്കൂട്ടത്തിലില്ല. എന്നാല്‍ അത് പിണറായി വിജയനാണെങ്കില്‍ മുഖ്യമന്ത്രി എന്ന് പറയാന്‍ ശക്തി മടിക്കുന്നന്തെന്ന സംശയവുമുണ്ട്. അതിനാല്‍ത്തന്നെ നേതാക്കളും മന്ത്രിമാരും അണികളും പരസ്പരം ചോദിക്കുകയാണ്, അത് മുന്‍ സംസ്ഥാന സെക്രട്ടറികൂടിയായ മുഖ്യമന്ത്രിതന്നെയാണോ എന്ന്.

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fsakthidharan.gangadharan.1%2Fposts%2F4648652095223605&show_text=true&width=500

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button