Kerala NewsLatest NewsUncategorized

ഗൗരിയമ്മ എനിക്ക് അമ്മയെ പോലെ; എന്നും കേരളത്തിലെ പാവപ്പെട്ടവർക്ക് വേണ്ടി നിലകൊണ്ട നേതാവ്; അസ്‌തമിച്ചത് കേരളത്തിലെ ശുക്ര നക്ഷത്രം: ഗൗരിയമ്മയെ അനുസ്‌മരിച്ച്‌ നേതാക്കൾ

തിരുവനന്തപുരം: ഗൗരിയമ്മയുടെ മരണത്തോടെ അസ്‌തമിച്ചത് വിപ്ലവത്തിൻറെ ശുക്ര നക്ഷത്രമാണെന്ന് സി പി എം നേതാവ് കോടിയേരി ബാലകൃഷ്‌ണൻ. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പങ്കുവഹിച്ച ധീരവനിതയാണ് ഗൗരിയമ്മ. സി പി എം നേതാവായി ദീർഘകാലം പ്രവർത്തിച്ച സഖാവ് പിന്നീട് ജെ എസ് എസ് രൂപീകരിച്ച്‌ പ്രവർത്തിച്ചെങ്കിലും അവസാന കാലത്ത് സി പി എമ്മുമായി സഹകരിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. കേരളത്തിലെ വിപ്ലവപ്രസ്ഥാനത്തിന് വലിയ നഷ്ടമാണ് ഗൗരിയമ്മയുടെ നിര്യാണത്തിലൂടെ ഉണ്ടായിരിക്കുന്നത്. സഖാവ് കെ ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്നും കോടിയേരി പറഞ്ഞു.

കേരളത്തിൻറെ സമരപോരാട്ടങ്ങൾക്കെന്നും നേതൃത്വം വഹിച്ചിട്ടുള്ള, എപ്പോഴും പാവങ്ങൾക്ക് വേണ്ടി ജീവിച്ചിട്ടുള്ള ഒരു വ്യക്തിത്വമാണ് ​കെ ആർ ഗൗരിയമ്മയുടേതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. അവസാനകാലത്ത് വരെ തനിക്ക് ശരിയെന്ന് തോന്നുന്ന നിലപാടുകളിൽ ഉറച്ച്‌ നിന്നിട്ടുള്ള വ്യക്തിയാണ്. രാഷ്ട്രീയമായി എതിർചേരിയിൽ നിന്ന സന്ദർഭത്തിൽ പോലും വ്യക്തിപരമായി ബന്ധങ്ങൾ കാത്തുസൂക്ഷിക്കാനും ഗൗരിയമ്മ എനിക്ക് അമ്മയെ പോലെയെന്നും, വളരെയേറെ സ്നേഹബന്ധങ്ങൾ വച്ചുപുലർത്താനും കഴിഞ്ഞിട്ടുള്ള ഒരു വ്യക്തിത്വമാണ് ​ഗൗരിയമ്മയുടേതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ കമ്മ്യൂണിസ്റ്റുകളിൽ പ്രമുഖയായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. നമ്മുടെ കേരള രാഷ്ട്രീയത്തിൽ വലിയ സ്ത്രീപ്രാതിനിധ്യം ഇല്ലാതിരുന്ന കാലത്ത് കടന്നുവരികയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനങ്ങളിൽ സജീവമാകുകയും ചെയ്ത നേതാവായിരുന്നു. നമ്മുടെ സാമൂഹിക ജീവിതത്തെ സ്വാധീനിച്ച നിരവധി നേതാക്കൾ നമ്മുടെ ജീവിതകാലത്ത് ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്രയേറെ സമൂഹത്തെ മാറ്റിമറിച്ച, അടിത്തറ പാകിയ നേതാക്കൾ ചുരുക്കമാണെന്നും കാനം അനുസ്‌മരിച്ചു.

എന്നും കേരളത്തിലെ പാവപ്പെട്ടവർക്കും കുടിയാൻമാർക്കും പാട്ടക്കാർക്കും സാധാരണക്കാർക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു കെ ആർ ഗൗരിയമ്മയെന്ന് എ കെ ആൻ്റണി അനുസ്‌മരിച്ചു. പാവപ്പെട്ടവർക്ക് ഒരിക്കലും ഗൗരിയമ്മയെ മറക്കാൻ കഴിയില്ലെന്നും എപ്പോഴും അധ്വാനിക്കുന്നവരോട് കൂറുള്ള നേതാവായിരുന്നു അവരെന്നും അദ്ദേഹം പറഞ്ഞു.

ഗൗരിയമ്മയോട് കൂടി ഒരു ചരിത്ര കാലഘട്ടം മറയുകയാണെന്ന് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. വിപ്ലവത്തിൻറെ അഗ്നിമുഖത്ത് തളിർത്ത പൂമരമെന്ന വിശേഷണമാണ് ഗൗരിയമ്മയ്ക്ക് അക്ഷരാർത്ഥത്തിൽ ചേരുന്നതെന്നും അദ്ദേഹം അനുസ്‌മരണ സന്ദേശത്തിൽ കുറിച്ചു.

ഗൗരിയമ്മയുടെ വിയോഗത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരദ്ധ്യായമാണ് അവസാനിക്കുന്നതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി പറഞ്ഞു. രാഷ്ട്രീയ നേതാവ് എന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഗൗരിയമ്മ കേരള സമൂഹത്തിനു നൽകിയ സംഭാവനകൾ നിസ്‌തുലമാണെന്നും അദ്ദേഹം ഓർമ്മിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button