Kerala NewsLatest News

കെ ഫോണ്‍ വരുന്നത് ഗതി മാറ്റും, നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍

തിരുവനന്തപുരം: 6.6 ശതമാനം സാമ്ബത്തിക വളര്‍ച്ചയാണ് ഈ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം സാമ്ബത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനം കുറഞ്ഞേക്കാം. അതേസമയം കെ ഫോണ്‍ അടക്കമുളള പദ്ധതികള്‍ സംസ്ഥാനത്തിന്റെ ഗതി മാറ്റുമെന്നും ഗവര്‍ണര്‍ പറഞ്ഞു..

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ ഫോണ്‍ പദ്ധതി സമയ ബന്ധിതമായി നടപ്പിലാക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. 5 വര്‍ഷം കൊണ്ട് കാര്‍ഷിക ഉത്പാദനം 50 ശതമാനം വര്‍ധിപ്പിക്കും. പൊതുസ്ഥലങ്ങളില്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തും. സമൂഹത്തില്‍ താഴെത്തട്ടില്‍ ഉള്ള ആളുകളുടെ ഉന്നമനം ലക്ഷ്യമിട്ട് കൊണ്ടുളള നയപരിപാടികള്‍ സര്‍ക്കാര്‍ നടപ്പിലാക്കും.

സര്‍ക്കാര്‍ സേവനങ്ങള്‍ മുഴുവന്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. അതിനായുളള പദ്ധതിക്ക് ഒക്ടോബര്‍ 2ന് തുടക്കം കുറിക്കും. മുഴുവന്‍ ഭൂരഹിതര്‍ക്കും സര്‍ക്കാര്‍ പട്ടയം നല്‍കും. കേരള ബാങ്കിന്റെ ആധുനികവല്‍ക്കരണം വേഗത്തിലാക്കും. മുന്‍ സര്‍ക്കാര്‍ തുടങ്ങിയ പദ്ധതികള്‍ തുടരുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു. ആരോഗ്യരംഗത്തേക്കുളള സമഗ്ര പാക്കേജിന് വേണ്ടി സര്‍ക്കാര്‍ ആയിരം കോടിയാണ് മാറ്റി വെച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാനായി. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് വേഗത്തിലാക്കും. കൊവിഡ് കാരണം തിരിച്ച്‌ വന്ന പ്രവാസികളില്‍ 60 ശതമാനം പേര്‍ക്കും തൊഴില്‍ നഷ്ടമായിട്ടുണ്ട്. ഇവര്‍ക്ക് സഹായം ഉറപ്പാക്കും. കൊല്ലം തുറമുഖത്ത് ചരക്ക് നീക്കം സാധ്യമാക്കും. സംസ്ഥാനത്ത് പ്രസിസന്ധിയിലായ കലാകാരന്മാരെ സഹായിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഓണ്‍ലൈന്‍ മേളകള്‍ സംഘടിപ്പിക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button