സർക്കാർ ജീവനക്കാർക്കും, പെൻഷൻ കാർക്കുമായി ഒരുവർഷത്തെ പുതിയ സാലറി ചലഞ്ചുമായി സർക്കാർ.

കോവിഡ് ഭീക്ഷണിയിൽ ജനങ്ങൾ വീർപ്പു മുട്ടുന്ന അവസ്ഥയിൽ ഖജനാവിലെ കുറവ് നികത്താൻ സർക്കാർ ജീവനക്കാർക്കും, പെൻഷൻ കാർക്കുമായി ഒരുവർഷത്തെ പുതിയ സാലറി ചലഞ്ചുമായി സർക്കാർ. കോവിഡ് ഭീക്ഷണി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ചെലവ് ചുരുക്കലും ധനസമാഹരണവും സംബന്ധിച്ച് മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമിന്റെ സമിതി ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കോവിഡ് നഷ്ടത്തിന്റെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ആറ് മാസത്തെ ശമ്പളത്തിന്റെ 20 ശതമാനം വെട്ടികുറക്കുന്ന പദ്ധതി നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതി മന്ത്രിസഭ അംഗീകരിച്ചത്. ശമ്പള വിഹിതം പിടിച്ച് 3675 കോടി രൂപ സമാഹരിക്കാനുള്ള തീരുമാനം സെപ്റ്റംബറിൽ തന്നെ നടപ്പാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
2020 സെപ്റ്റംബർ മുതൽ 2021 ആഗസ്റ്റ് വരെ 12 മാസത്തെ ശമ്പളത്തിന്റെയും പെൻഷന്റെയും 20 ശതമാനം പിടിച്ച ശേഷം 2023ന് ശേഷം നാല് തവണകളായി തിരിച്ചു നൽകുന്നതാണ് പദ്ധതി. പ്രതിമാസം 20, 000 രൂപക്ക് മുകളിൽ ശമ്പളം ലഭിക്കുന്ന ജീവനക്കാരിലും, 37, 500 രൂപക്ക്മേൽ
പെൻഷൻ വാങ്ങുന്നവരിലുമാണ് പദ്ധതി നടപ്പാക്കുന്നത്. ജീവനക്കാരിൽ നിന്ന് 3300 കൊടിയും പെൻഷൻകാരിൽ നിന്ന് 375 കൊടിയും സമാഹരിക്കാമെന്നാണ് സർക്കാർ ഇക്കാര്യത്തിൽ കണക്കുകൂട്ടുന്നത്. നിലവിലെ പദ്ധതി ഈ മാസം പൂർത്തിയാകുന്നതോടുകൂടി പുതിയ പദ്ധതി പ്രഖ്യാപിക്കും. കോവിഡ് 19 ഇൻകം സപ്പോർട്ട് ഫണ്ട് എന്ന പേരിൽ സ്വമേധയാ ഉള്ള ധനസമാഹരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്.