ജൂനിയർ നേഴ്സ്മാരുടെ സമരം തീർപ്പാക്കാതെ സർക്കാർ.
KeralaLocal NewsHealth

ജൂനിയർ നേഴ്സ്മാരുടെ സമരം തീർപ്പാക്കാതെ സർക്കാർ.

സ്റ്റൈപ്പന്റ് വർദ്ധനവ് ആവശ്യപ്പെട്ട് ജൂനിയർ നഴ്സുമാർ നടത്തിവരുന്ന അനിശ്ചിതകാല സമരം 3 ദിവസം പിന്നിട്ടിട്ടും സമവായത്തിൽ എത്താതെ സർക്കാർ. ഒന്നര വർഷത്തിൽ അധികമായി സ്റ്റൈപ്പന്റ് വർദ്ധനവ് ആവശ്യപ്പെടുന്ന ജൂനിയർ നേഴ്സ്മാർ നിലവിൽ 5 മാസത്തിലധികമായി കോവിഡ് ഡ്യൂട്ടി ഉൾപ്പെടെ ചെയ്തു വരുന്നു. എങ്കിലും പ്രതിദിനം ഇവർക്ക് ലഭിക്കുന്നത് കേവലം 450 രൂപ മാത്രമാണ്.
സമരം മൂന്നു ദിവസം പിന്നിടുമ്പോഴും സ്റ്റൈപ്പന്റ് വർദ്ധനവ് എന്ന ആവശ്യം ഇതു വരെ സർക്കാർ അംഗീകരിച്ചതുമില്ല.
നിലവിൽ സർക്കാർ മെഡിക്കൽ കോളേജുകളിൽ കോവിഡ് ചികിത്സാ ഉൾപ്പെടെ നൽകി വരുന്നു. മെഡിക്കൽ കോളേജുകളിൽ കോവിഡ് ഏരിയകളിലും കോവിഡ് ഇതര ഏരിയകളിലും സ്റ്റാഫ് നേഴ്സ്മാരുടെ അതേ ഡ്യൂട്ടി ഷിഫ്റ്റിൽ ജോലി ചെയ്തു വരുന്ന ജൂനിയർ നേഴ്സ്മാർ ഒന്നടങ്കം ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കുന്നത് സ്റ്റാഫ് നേഴ്സ്മാർക്ക് ജോലി ഭാരം കൂട്ടുകയും, രോഗി -നേഴ്സ് അനുപാതത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ ഓരോ മെഡിക്കൽ കോളേജുകളിൽ നിന്നും അറുപതില്പരം നേഴ്സ്മാർ ഡ്യൂട്ടിയിൽ നിന്ന് വിട്ടു നിൽക്കുന്നത് കോവിഡ് പ്രതിരോധത്തെയും ബാധിക്കുന്നുണ്ട്.
കോവിഡ് ചികിത്സാ പ്രതിരോധത്തെ ബാധിച്ചതിനാൽ ജൂനിയർ നേഴ്സ്മാരുടെ സ്റ്റൈപ്പന്റ് വർധിപ്പിച്ചു സമരം ഒത്തു തീർപ്പാക്കുന്നതിനു പകരം അവസാന വർഷ ബി എസ് സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് വിദ്യാർഥികളെ തിരിച്ചു വിളിക്കാൻ ആണ് സർക്കാർ നിർദേശം.
കേന്ദ്ര സർക്കാരിന്റെയോ, യൂണിവേഴ്സിറ്റിയുടെയോ അനുമതി ഇല്ലാതെ അവസാന വർഷ ബി എസ് സി നഴ്സിംഗ്, ജനറൽ നഴ്സിംഗ് വിദ്യാർഥികളെ തിരിച്ചു വിളിച്ച ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിനെതിരെ കേരള ബി എസ് സി നഴ്സിംഗ് സ്റ്റുഡന്റസ് അസോസിയേഷൻ പ്രതിഷേധം അറിയിച്ചു.
ഒന്നര വർഷത്തിൽ അധികമായി സ്റ്റൈപ്പന്റ് വർദ്ധനവ് ആവശ്യപ്പെട്ടിട്ടും പരിഗണിക്കാത്തതിനാൽ സമരത്തിലേക്ക് ഇറക്കപ്പെട്ട ജൂനിയർ നേഴ്സ്മാരുടെ സമരം എത്രയും പെട്ടെന്ന് ഒത്തു തീർക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗവൺമെന്റ് നഴ്സിംഗ് കോളേജ് പാരന്റ്സ് അസോസിയേഷൻ ആരോഗ്യ മന്ത്രിക്കും കത്തയച്ചിട്ടുണ്ട്.

ഇതേ സമയം മറ്റ് കോവിഡ് ജീവനക്കാർക്കും ഡോക്ടർമാർക്കും ശമ്പളം വർധിപ്പിക്കുകയും ചെയ്തത് നഴ്സുമാരോടുള്ള അവഗണന ആണെന്ന് സംസ്ഥാന കമ്മിറ്റി ആരോപിച്ചു..

ലോകമാകെ പ്രശസ്തി നേടിയ കേരളത്തിലെ നഴ്സുമാർക്ക് സ്വന്തം സംസ്ഥാനത്തു നിന്നു തന്നെ നേരിടുന്ന ഇത്തരം അവഗണനക്ക് മറുപടി ലഭിക്കേണ്ടതുണ്ട് എന്ന് സംസ്ഥാന സമിതി ആവശ്യപ്പെടുന്നു.
പ്രതിദിനം 450 രൂപ എന്നത്‌ സംസ്ഥാനത്തെ ശുചീകരണ തൊഴിലാളികൾ മുതൽ ഉള്ള എല്ലാ കോവിഡ് ജീവനക്കാർക്കും ലഭിക്കുന്ന തുകയേക്കാൾ വളരെ താഴെയാണെന്നത് സർക്കാർ സൗകര്യപൂർവം മറക്കുകയാണെന്ന് സമിതി കുറ്റപ്പെടുത്തി. തുല്യ ജോലിക്ക് തുല്യ വേതനം എന്ന സംസ്ഥാന സർക്കാർ നിയമം നഴ്സുമാർക്ക് മാത്രം ബാധകമാകാതിരിക്കുന്നത് എങ്ങിനെയാണെന്നതും നഴ്സുമാർക്ക് 27800 രൂപ പ്രതിമാസം നൽകാൻ കഴിയില്ലെങ്കിൽ ഇതേ വകുപ്പിൽ ഡിപ്ലോമ കഴിഞ്ഞു ബോണ്ട് ചെയ്യുന്ന നഴ്സുമാർക്ക് ഈ തുക എങ്ങനെ കിട്ടുന്നു എന്നും സർക്കാർ വ്യക്തമാക്കണം എന്നും സംസ്‌ഥാന സമിതി ആവശ്യപ്പെടുന്നു.

Related Articles

Post Your Comments

Back to top button