സംസ്ഥാനത്തെ എന്‍ജീനിയറിംഗ് പ്രവേശന പരീക്ഷ 16ന് നടക്കും.

കൊവിഡ് വ്യാപനം തുടരുകയാണെങ്കിലും സംസ്ഥാനത്തെ എന്‍ജീനിയറിംഗ് പ്രവേശന പരീക്ഷ മാറ്റമില്ലാതെ നടത്താൻ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പ്രവേശന പരീക്ഷ ഈ മാസം 16ന് നടക്കും. സി.ബി.എസ്.ഇ പ്ലസ്ടു ഫലം കൂടി പുറത്തുവന്ന സാഹചര്യത്തിലാണു തീരുമാനം. സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ച പുറത്തുവരും.
പരീക്ഷ ഹാള്‍ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സാധാരണ രണ്ടു ദിവസമായി നടക്കുന്ന പരീക്ഷ മാറിയ സാഹചര്യത്തില്‍ ഒരു ദിവസം തന്നെ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഏപ്രില്‍ 20 മുതല്‍ രണ്ടുദിവസമായി പരീക്ഷ നടത്താനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു. ഹയർസെക്കൻഡറിയുടെ മാർക്കും എൻജിനീയറിങ് പ്രവേശന പരീക്ഷയുടെ മാർക്കും തുല്യ അനുപാതത്തിൽ സമീകരിച്ചു തയാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് എൻജിനീയറിങ് പ്രവേശനം നടത്തുക.
പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കി കഴിഞ്ഞു. പരീക്ഷയുടെ ഒരുക്കങ്ങളെല്ലാം മുന്നേറുമ്പോള്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന തിരുവനന്തപുരത്തും കൊച്ചിയിലും സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ദേശീയതലത്തില്‍ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ സെപ്റ്റംബറിലേക്ക് മാറ്റിവെച്ചിട്ടുണ്ട്.