ശശീന്ദ്രന്‍ എട്ട് തവണ മത്സരിച്ചതിനാല്‍ ഇത്തവണ വേണ്ട, എന്‍സിപിയില്‍ ചേരിപ്പോര് മുറുകുന്നു

പാലാ സീറ്റുമായി ബന്ധപ്പെട്ട ചേരിപ്പോരില്‍ മാണി സി. കാപ്പന്‍ പാര്‍ട്ടി വിട്ടെങ്കിലും എന്‍.സി.പിയില്‍ സീറ്റ് തര്‍ക്കം അവസാനിക്കുന്നില്ല. കാപ്പന് എതിരെ നിന്ന എ.കെ ശശീന്ദ്രനെ ലക്ഷ്യമിട്ടാണ് ഒരു വിഭാഗം രംഗത്ത് വന്നിരിക്കുന്നത്. എന്‍.സി.പി സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. എട്ട് തവണ മത്സരിച്ച ശശീന്ദ്രനെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാണ്. ഇക്കാര്യം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും.
പാര്‍ട്ടിയുടെ കൈവശമുളള എലത്തൂര്‍ സീറ്റില്‍ ഇത്തവണ ശശീന്ദ്രനെ മത്സരിപ്പിക്കരുതെന്ന് ഈ വിഭാഗം ആവശ്യമുയര്‍ത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്കായി നാളെ കൊച്ചിയില്‍ ചേരുന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹിയോഗത്തില്‍ ഇക്കര്യം ചര്‍ച്ചയാകും. എന്‍.സി.പി യുവജന വിഭാഗം, സേവാദള്‍, മഹിള വിഭാഗം നേതൃനിരയിലുളളവരാണ് പ്രധാനമായും ശശീന്ദ്രനെതിരെ നിലപാടെടുത്തത്. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന് ഇവര്‍ കത്തയച്ചതായും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന കോഴിക്കോട് ജില്ല കമ്മറ്റി യോഗത്തിലും സമാന ആവശ്യമുയര്‍ന്നു. എട്ടുതവണ മത്സരിച്ച ശശീന്ദ്രന്‍ ഇത്തവണ മാറി നില്‍ക്കണമെന്ന് വടകര, കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റികളില്‍ നിന്നുളളവര്‍ ആവശ്യപ്പെട്ടു. സംസ്ഥാന ഭാരവാഹി യോഗത്തില്‍ ഇക്കാര്യം അറിയിക്കാന്‍ ജില്ല പ്രസിഡന്റിനെ യോഗം ചുമതലപ്പെടുത്തുകയും ചെയ്തു. കാപ്പന്‍ പുറത്ത് പോയതോടെ പാര്‍ട്ടിയില്‍ പിടിമുറുക്കിയിരുന്ന ശശീന്ദ്രന് പുതിയ നീക്കം വെല്ലുവിളിയായിട്ടുണ്ട്. സംസ്ഥാന പ്രസിഡന്റ് ടി.പി പീതാബരന്‍ എടുക്കുന്ന നിലപാടും യോഗത്തില്‍ നിര്‍ണ്ണായകമാവും