ഈരാറ്റുപേട്ട നഗരസഭയില്‍ എസ് ഡി പി ഐ പിന്തുണച്ചാല്‍ ഭരണത്തിനു നില്‍ക്കില്ലെന്ന് മന്ത്രി വാസവന്‍
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ കോണ്‍ഗ്രസിനെതിരെ എല്‍ ഡി എഫ് കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ എസ് ഡി പി ഐ പിന്തുണച്ച സംഭവത്തില്‍ സി പി എം എസ് ഡി പി ഐയുമായി ഒരു ബന്ധവുമുണ്ടാക്കിയിട്ടില്ലെന്ന് മന്ത്രി വാസവന്‍ വ്യക്തമാക്കി. കോട്ടയത്ത് വച്ച് മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഈരാറ്റുപേട്ട നഗരസഭയില്‍ എസ് ഡി പി ഐ പിന്തുണയോടെ ഒരിക്കലും സി പി എം അധികാരത്തില്‍ കയറില്ലെന്നും പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തില്‍ ഒരു മാറ്റവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് തവണയും എസ് ഡി പി ഐ പിന്തുണച്ചപ്പോള്‍ സി പി എം ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കുകയായിരുന്നുവെന്ന് വാസവന്‍ ഓര്‍മിപ്പിച്ചു. പാര്‍ട്ടിക്കെതിരെ ബി ജെ പി എല്ലാകാലത്തും തെറ്റായ ആരോപണങ്ങള്‍ മാത്രമാണ് ഉന്നയിച്ചിട്ടുള്ളതെന്നും സി പി എം ആവശ്യപ്പെട്ടിട്ടല്ല എസ് ഡി പി ഐ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതെന്നും വാസവന്‍ വ്യക്തമാക്കി.
ഈരാറ്റുപേട്ട നഗരസഭയില്‍ കോണ്‍ഗ്രസ് അംഗം അന്‍സല്‍ന പരീക്കുട്ടിയുടെ പിന്തുണയോടെ എല്‍ ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടു വന്നിരുന്നു. 28 അംഗ നഗരസഭയില്‍ 14 അംഗങ്ങളുള്ള കോണ്‍ഗ്രസിനെതിരെ ഒന്‍പത് അംഗങ്ങളുള്ള എല്‍ ഡി എഫ് കൊണ്ടു വന്ന പ്രമേയത്തെ എസ് ഡി പി ഐയുടെ അഞ്ച് അംഗങ്ങള്‍ കൂടി പിന്തുണച്ചതോടെ പാസാവുകയായിരുന്നു. ഇതാണ് വിവാദമായത്. എന്നാല്‍ അവിശ്വാസ പ്രമേയത്തില്‍ ആര്‍ക്കും വോട്ടു ചെയ്യാമെന്നതാണ് എല്‍ ഡി എഫ് നിലപാട്.