ഹലാല്‍ ശര്‍ക്കര: എസ്.ജെ.ആര്‍. കുമാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും
കൊച്ചി: ശബരിമലയില്‍ പ്രസാദം തയ്യാറാക്കുന്നതിന് ഹലാല്‍ ശര്‍ക്കര തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വാങ്ങിയതുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. ശബരിമല കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ദേവസ്വം ബെഞ്ചാണ് പരിഗണിക്കുന്നത്.
ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ഹലാല്‍ ശര്‍ക്കര പ്രസാദം തയ്യാറാക്കാന്‍ ഉപയോഗിച്ചതായി സമ്മതിക്കുന്നുണ്ട്. ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുകയും അത് ദേവന് സമര്‍പ്പിക്കുകയും ചെയ്യുന്നത് ഗുരുതരമായ മതപരമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും ലംഘനത്തിന് കാരണമാകുമെന്ന് അഡ്വ. വി. സജിത് കുമാര്‍ മുഖേന എസ്.ജെ.ആര്‍. കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
മറ്റൊരു മതത്തിന്റെ ആചാരാനുഷ്ഠാനങ്ങളും മതാചാരങ്ങളും അനുസരിച്ച് തയ്യാറാക്കുന്ന ഭക്ഷ്യവസ്തുക്കള്‍ അതിന്റെ സാക്ഷ്യപത്രത്തോടെ ഭക്ഷ്യവസ്തുവായി സ്വീകരിക്കുന്നത് അത്യന്തം നിരാശാജനകമാണ്. സ്വന്തം ആചാരങ്ങളും അനുഷ്ഠാനങ്ങളും ഉള്ള ഒരു ഹിന്ദു ക്ഷേത്രത്തിലെ നിവേദ്യം/ പ്രസാദം തയ്യാറാക്കാന്‍ ഹലാല്‍ ആയ ചേരുവ ഉപയോഗിക്കുന്നത് അത്യന്തം വേദനാജനകമാണ്. ഇതിനുപുറമെ ബോര്‍ഡ് നടത്തിയ ശര്‍ക്കര സംഭരണത്തിലെ ടെന്‍ഡര്‍ വ്യവസ്ഥകളുടെ ലംഘനവും ഹര്‍ജിക്കാരന്‍ ഉന്നയിക്കുന്നുണ്ട്.
എന്നാല്‍ അരവണയുടെയും അപ്പത്തിന്റെയും വില്‍പന തടസപ്പെടുത്തി ബോര്‍ഡിന് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ആരോപണങ്ങളാണ് ഉയരുന്നതെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നത്.
മഹാരാഷ്ട്ര സത്താറയിലെ കരാര്‍ കമ്പനി 2019ല്‍ സപ്ലൈ ചെയ്ത ശര്‍ക്കര പാക്കറ്റുകളില്‍ ഹലാല്‍ മാര്‍ക്കിംഗ് കണ്ടിരുന്നെന്നും അന്വേഷണം നടത്തിയിരുന്നെന്നും ബോര്‍ഡ് പറയുന്നു. അറബ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുമ്പോള്‍ ഗുണനിലവാരത്തിന്റെ ഉറപ്പിനായി ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ എടുത്തിരുന്നതായി കമ്പനി അറിയിച്ചിരുന്നതായും ബോര്‍ഡ് കോടതിയെ അറിയിച്ചിട്ടുണ്ട്.