മഴ കനത്തതോടെ മണല്‍ നീക്കം പാളി
കോട്ടയം: സംസ്ഥാനത്തെ അണക്കെട്ടുകളില്‍ നിന്നും അടിഞ്ഞുകിടക്കുന്ന മണല്‍ വാരുന്നതിനുള്ള സര്‍ക്കാര്‍ നീക്കം പാളി. ഡാമുകളില്‍ നിന്നും മണല്‍ നീക്കി വില്‍പന നടത്താന്‍ സര്‍ക്കാര്‍ രണ്ടു വര്‍ഷം മുമ്പാണ് അനുമതി നല്‍കിയത്. എന്നാല്‍ കാലം തെറ്റി മഴ വന്നതോടെ എല്ലാ പദ്ധതികളും വെള്ളത്തിലായി. ശക്തമായ മഴ നാലു ദിവസത്തിലധികം ലഭിച്ചാല്‍ പല അണക്കെട്ടുകളും തുറന്നുവിടേണ്ട സാഹചര്യമാണ് ഇപ്പോള്‍.
ആദ്യത്തെ പ്രളയത്തിനുശേഷം സര്‍ക്കാര്‍ ഡാമുകളില്‍ നിന്നും മണല്‍ വാരാന്‍ അനുമതി നല്‍കുമ്പോള്‍ നിര്‍മാണമേഖലയിലെ പ്രതിസന്ധി കൂടി പരിഗണിച്ചിരുന്നു. 10 ലക്ഷം ഘനമീറ്റര്‍ മണല്‍ വിപണിയില്‍ എത്തിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. മാത്രമല്ല മണല്‍ വാരുന്നതിലൂടെ അണക്കെട്ടുകളുടെ സംഭരണശേഷി പത്ത് ശതമാനത്തോളം ഉയര്‍ത്താന്‍ കഴിയുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടി. മഹാപ്രളയത്തിനുശേഷം അണക്കെട്ടുകളില്‍ വന്‍തോതില്‍ മണല്‍ അടിഞ്ഞുവെന്ന് ജലസേചനവകുപ്പ് സര്‍ക്കാരിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.
സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക ശേഷിയുള്ള വ്യക്തികള്‍ക്കും മണല്‍ വാരി വില്‍പന നടത്താനുള്ള അനുമതിയായിരുന്നു സര്‍ക്കാര്‍ നല്‍കിയത്. ഇതിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ല. വ്യവസ്ഥകള്‍ക്ക് വിധേയമായി 25 ലക്ഷം രൂപ കരാറുകാര്‍ സര്‍ക്കാരില്‍ കെട്ടിവയ്ക്കണം. ഉയര്‍ന്ന ടെന്‍ഡര്‍ അനുസരിച്ച് പാസ് നല്‍കും. മണലിന്റെ കണക്കും അതിനനുസരിച്ചുള്ള ഫീസും മാസത്തിലൊരിക്കല്‍ ജില്ല കലക്ടര്‍ക്ക് നല്‍കണം.
ചൂഷണം തടയാന്‍ സിസിടിവി ക്യാമറകള്‍ മേഖലയില്‍ സ്ഥാപിക്കുമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ മുന്നോട്ടുപോകാന്‍ ഇന്നുവരെ കാലം തെറ്റി വന്നുകൊണ്ടിരിക്കുന്ന കാലവര്‍ഷം സര്‍ക്കാരിനെ സമ്മതിച്ചില്ല. പുഴകളില്‍ നിന്നും അനധികൃതമായി മണല്‍ വാരുന്നത് തടയാന്‍ ഇത് പരമാവധി സഹായകമാവുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.