പിരിവ് നല്‍കാത്തതിന് വഴി മുടക്കി സിപിഎം
കൊല്ലം: കണ്ണനല്ലൂര്‍ തഴുത്തല ലോക്കല്‍ സമ്മേളനത്തിന് ചോദിച്ച പിരിവ് നല്‍കാത്തതിന് സിപിഎം സൂപ്പര്‍ മാര്‍ക്കറ്റിലേക്കുള്ള വഴി മുടക്കി. സമ്മേളനത്തിന് രണ്ടായിരം രൂപ പിരിവ് ചോദിച്ചപ്പോള്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ 500 രൂപ മാത്രമേ നല്‍കാന്‍ കഴിയുകള്ളൂ എന്നറിയിച്ചു. അത് വാങ്ങാന്‍ പാര്‍ട്ടിക്കാര്‍ തയ്യാറായില്ല. തുടര്‍ന്ന് വൈകുന്നേരത്തോടെ കണ്ണനല്ലൂര്‍ ജംഗ്ഷനിലുള്ള സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍വശത്ത് മാര്‍ഗതടസം സൃഷ്ടിച്ച് ബാനറും കൊടികളും കെട്ടി.
പാര്‍ട്ടി ഇഎസ്‌ഐ ബ്രാഞ്ചാണ് ബാനറും കൊടികളും കെട്ടിയത്. കോവിഡ് വ്യാപനം മൂലം വ്യാപാരികളെല്ലാം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ പാര്‍ട്ടി സമ്മേളനത്തിന് നിര്‍ബന്ധിതമായി കനത്ത പിരിവാണ് സിപിഎം നടത്തുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പിരിവിനായി സിപിഎം നേതാക്കള്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയത്.
സൂപ്പര്‍മാര്‍ക്കറ്റിലേക്ക് മാര്‍ഗതടസം സൃഷ്ടിച്ച സിപിഎം നടപടി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പാര്‍ട്ടിക്കാര്‍ സ്വമേധയാ വന്ന് കൊടിതോരണങ്ങള്‍ നീക്കി. സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ വഴിയടച്ചു കെട്ടിയത് സിപിഎം അല്ലെന്നാണ് തഴുത്തല ലോക്കല്‍ സെക്രട്ടറി എന്‍.സി. പിള്ള പ്രതികരിച്ചത്.