ഹെർ സർകിൽ: വനിതാ ദിനത്തിൽ ലോകത്തെ സകല സ്ത്രീകൾക്കും സംവദിക്കാൻ ഒരു സോഷ്യൽ മീഡിയ; കൂട്ടായ്മയ്ക്ക് പിന്നിൽ നീതാ അംബാനി

മുംബൈ: വനിതാ ദിനത്തിൽ ലോകത്തെ സകല സ്ത്രീകൾക്കും സംവദിക്കാൻ ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം കൂടി . ഹേർ സർകിൽ (‘Her Circle’) എന്നാണ് പേര്. നീതാ അംബാനിയാണ് ഈ രാജ്യാന്തര വനിതാ കൂട്ടായ്മയ്ക്ക് പിന്നിൽ.
സ്ത്രീകളുടെ അഭിലാഷങ്ങൾ, അഭിവാഞ്ജകൾ, സ്വപ്നങ്ങൾ, കഴിവുകൾ, അവസ്ഥാ വിശേഷങ്ങൾ എല്ലാം പങ്കിടാനും ലക്ഷ്യപ്രാപ്തിക്ക് സഹായിക്കാനും ഈ പ്ളാറ്റ്ഫോം സഹായമാകും. സ്ത്രീകൾ അവശ്യം അറിയേണ്ടതെല്ലാം Her Circle ൽ ഉണ്ടാവും.
വീഡിയോകൾ, ലേഖനങ്ങൾ, ജീവത് പ്രശ്നങ്ങൾക്കുള്ള പ്രായോഗിക പരിഹാരങ്ങൾ, ശാരീരികക്ഷമത, സാമ്പത്തികം, തൊഴിൽ, വ്യക്തിത്വ വികസനം, സാമൂഹ്യ സേവനം, ബ്യൂട്ടി, ഫാഷൻ, വിനോദം, ആത്മാവിഷ്കാരം, പൊതുയിടത്തെ സജീവ ഇടപെടൽ, വനിതാ എൻജിഒകൾ അങ്ങനെ പോകുന്നു ഈ പ്ളാറ്റ്ഫോമിലെ ജാലകങ്ങൾ.
അനുകമ്പ , സ്ഥൈര്യം, പോസിറ്റീവ് ചിന്ത എന്നിവയെല്ലാം സ്ത്രീ സമൂഹത്തിൽ വളർത്തിയെടുക്കാൻ ഈ ഉദ്യമത്തിന് കഴിയുമെന്ന ദൃഢനിശ്ചയത്തിലാണ് നീതാ അംബാനി. കരുത്തുറ്റ വനിതകൾ സമൂഹത്തിലെ വിഷമസന്ധിയിൽ പതറുന്നവരെ കൈ പിടിച്ചുയർത്തും .
സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങളിൽ നിന്നാണ് ഈ ആശയം ജനിച്ചതെന്ന് നീത പറയുന്നു. റിലയൻസ് ഫൗണ്ടേഷൻ്റെ പൂർണ്ണ പിന്തുണ ഈ കൂട്ടായ്മയ്ക്ക് ഉണ്ടാവും. കൂട്ടായ്മയിൽ ചർച്ചയാവുന്ന പ്രശ്നങ്ങൾക്ക് ഫൗണ്ടേഷൻ ലിസ്റ്റ് ചെയ്യുന്ന വിദഗ്ദ്ധർ പരിഹാരങ്ങൾ നിർദ്ദേശിക്കും.
ശരിയായ ജീവിത ശൈലി രൂപപ്പെടുത്താൻ വിവിധ ട്രാക്കറുകൾ ഇവിടെ ഉണ്ടാവും. ശാരീരിക ക്ഷമത ഉറപ്പാക്കാൻ ഫിറ്റ്നസ് ട്രാക്കർ. സാമ്പത്തിക ആസൂത്രണത്തിന് ഫിനാൻസ് ട്രാക്കർ , ആർത്തവ പ്രശ്നങ്ങൾക്ക് പീരീഡ് ട്രാക്കർ , പ്രഗ്നൻസി ഗൈഡ് അങ്ങനെ എല്ലാം.Her Circle ഗൂഗിൾ പ്ളേ സ്റ്റോറിലും മൈ ജിയോ ആപ്പ് സ്റ്റോറിലും സൗജന്യമായി ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.