Kerala NewsLatest NewsNews

കരിപ്പൂര്‍ വിമാനദുരന്തം: മരിച്ചയാളുടെ രണ്ട് വയസ്സുള്ള മകള്‍ക്ക് ഒന്നര കോടി നഷ്​ടപരിഹാരം

കൊച്ചി: കരിപ്പൂര്‍ വിമാനദുരന്തത്തില്‍ മരിച്ചയാളുടെ രണ്ട് വയസ്സുള്ള മകള്‍ക്ക് എയര്‍ ഇന്ത്യ ഒന്നര കോടി നഷ്ടപരിഹാരം നല്‍കും. അപകടത്തില്‍ മരിച്ച കുന്ദമംഗലം സ്വദേശി ഷറഫുദ്ദീന്റെ മകള്‍ക്ക് 1.51 കോടി നല്‍കാന്‍ തയാറാണെന്ന് എയര്‍ ഇന്ത്യ കമ്ബനി ഹൈകോടതിയില്‍ അറിയിച്ചു. തുക എത്രയും വേഗം നല്‍കാന്‍ ഷറഫുദ്ദീന്റെ ഭാര്യ അമീന ഷെറിനും മകളും മാതാപിതാക്കളും നല്‍കിയ ഹരജി തീര്‍പ്പാക്കി ജസ്റ്റിസ് എന്‍. നഗരേഷ് ഉത്തരവിട്ടു.

മരിച്ചയാളുെടയും ഭാര്യയുെടയും നഷ്ടപരിഹാരം തീരുമാനിക്കാനുള്ള പൂര്‍ണരേഖകള്‍ ലഭിച്ചശേഷം ഇക്കാര്യത്തിലും തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. വിമാനാപകട ഇരകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അനുവദിച്ച് ഉത്തരവിടുകയും വേണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്.

ഷറഫുദ്ദീനൊപ്പം യാത്രക്കാരായിരുന്ന ഭാര്യക്കും മകള്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. ഹരജിക്കാര്‍ക്ക് അന്തര്‍ ദേശീയ സ്റ്റാന്‍ഡര്‍ഡ് പ്രകാരമുള്ള കുറഞ്ഞ തുകപോലും അനുവദിച്ചിട്ടില്ലെന്നും ഇത് നല്‍കാന്‍ ഉത്തരവിടണമെന്നുമായിരുന്നു ആവശ്യം. നേരത്ത ഹരജി പരിഗണിക്കവേ ഹരജിക്കാരുടെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാറും എയര്‍ ഇന്ത്യയും (നാഷനല്‍ ഏവിയേഷന്‍ കമ്പനി ഓഫ് ഇന്ത്യ) കോടതിയെ അറിയിച്ചു. ക്ലെയിം ഫോറം ഉടന്‍ നല്‍കുമെന്ന് ഹരജിക്കാരും അറിയിച്ചു.

തുടര്‍ന്ന് എത്രയും വേഗം അപേക്ഷ നല്‍കാനും പരിഗണിച്ച് നല്‍കാന്‍ ഉദ്ദേശിക്കുന്ന തുക വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം കുട്ടിക്ക് 1,51,08,234 രൂപ നഷ്ടപരിഹാരം നല്‍കാമെന്ന് വിമാനക്കമ്പനി അറിയിച്ചത്. ആവശ്യമായ രേഖകള്‍ ലഭിക്കുമ്പോള്‍ സഹഹരജിക്കാര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കാനും അനുവദിക്കുന്ന തുകയുടെ കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ ഹരജിക്കാര്‍ക്ക് ഹൈകോടതിയെ അടക്കം ഉചിത ഫോറങ്ങളെ സമീപിക്കാമെന്നും വ്യക്തമാക്കിയാണ് ഹരജി തീര്‍പ്പാക്കിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button