മൻസൂർ വധം: പെരിങ്ങത്തൂരിൽ സി.പി.എം ഓഫീസുകൾക്ക് തീയിട്ടു; സാധന സാമഗ്രികൾ കത്തിച്ചു

കണ്ണൂർ: യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദേശത്ത് അക്രമം വ്യാപിക്കുന്നു. മൃതദേഹം പൊതുദർശനത്തിന് വെച്ച പെരിങ്ങത്തൂരിൽ സി.പി.എം ഓഫിസുകൾ തകർത്തു. ഓഫിസിലുണ്ടായിരുന്ന സാധന സാമഗ്രികൾ വാരിവലിച്ച് പുറത്തിട്ട് കത്തിച്ചു. സി.പി.എം അനുഭാവികളുടെ മൂന്ന് കടകൾ അടിച്ചു തകർത്തു.
മൃതദേഹം പോസ്റ്റ് മോർട്ടം കഴിഞ്ഞ് ബുധനാഴ്ച വൈകീട്ട് 6.45 മുതൽ 7.20 വരെ പെരിങ്ങത്തൂർ ടൗണിൽ പൊതുദർശനത്തിന് വെച്ചിരുന്നു. ഇതിനുപിന്നാലെയാണ് അക്രമം അരങ്ങേറിയത്. സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫിസിലെ സാധനങ്ങൾക്കാണ് അക്രമികൾ തീയിട്ടത്. ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു.
കണ്ണൂർ കൂത്തുപറമ്പ് പുല്ലൂക്കര മുക്കിൽപീടികയിൽ വോട്ടെടുപ്പിന് പിന്നാലെയുണ്ടായ ആക്രമണത്തിലാണ് യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ (22) വെട്ടേറ്റു മരിച്ചത്. വീട്ടിൽ കയറി ബോംബെറിഞ്ഞ ശേഷമായിരുന്നു ആക്രമണം. സഹോദരൻ മുഹ്സിന് ( 27) ആക്രമണത്തിൽ സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെയാണ് അക്രമം. പുലർച്ചെയോടെയാണ് മരണപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ സി.പി.എമ്മാണെന്ന് ലീഗ് ആരോപിച്ചു.
വീട്ടുമുറ്റത്ത് കൂട്ടുകാരോടൊത്ത് സംസാരിച്ച് കൊണ്ടിരിക്കെയാണ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമി സംഘം മുഹ്സിനെ വലിച്ചിഴച്ച് വെട്ടുമ്പോൾ തടയാൻ ചെന്ന സഹോദരൻ മൻസൂറിനും വെട്ടേറ്റത്.