
കുവൈറ്റ് സിറ്റി: ഭക്ഷ്യസുരക്ഷാ നിയമലംഘനവുമായി ബന്ധപ്പെട്ട വൻ പരിശോധനയിൽ കുവൈത്ത് അധികൃതർ നാല് ടൺ കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഉദ്ദേശിച്ച് ഉൽപ്പന്നങ്ങളുടെ കാലാവധി തീയതികൾ വ്യാജമായി മാറ്റിയിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. പരിശോധനയിൽ സോൾവെന്റുകളോ കോട്ടണോ ഉപയോഗിച്ച് പഴയ തീയതികൾ മായ്ച് പുതിയ വ്യാജ തീയതികൾ പതിപ്പിച്ചതായി കണ്ടെത്തി.
കോർൺ ചിപ്സ്: യഥാർത്ഥ കാലാവധി ജൂലൈ 15, 2025 ആയിരുന്നെങ്കിലും തീയതി നീക്കംചെയ്ത നിലയിൽ വിൽപ്പനയ്ക്കുണ്ടായിരുന്നു.
കോകോ ഉൽപ്പന്നങ്ങൾ: പാക്കേജിൽ യഥാർത്ഥ (ഏപ്രിൽ 2025) തീയതിയും വ്യാജം (സെപ്റ്റംബർ 2025) തീയതിയും പതിപ്പിച്ച നിലയിൽ കണ്ടെത്തി. പൊട്ടറ്റോസ്, സ്വീറ്റ്സ്, ചീസ്, പലഹാരങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളിൽ വ്യാജീകരണത്തിന്റെ തെളിവുകൾ കണ്ടെത്തി. ചില ഉൽപ്പന്നങ്ങളുടെ കാലാവധി നാല് മുതൽ 12 മാസം വരെ അനധികൃതമായി നീട്ടിയിരുന്നു.
കോട്ടൺ സ്വാബുകൾ, ടിൻ കാനുകളിൽ നിന്ന് മഷി നീക്കംചെയ്യാനുള്ള നിർദ്ദേശങ്ങൾ എന്നിവ ഉൾപ്പെടെ വ്യാജനടപടികൾക്കുപയോഗിച്ച ഉപകരണങ്ങൾ പിടിച്ചെടുത്തു. കൈകൊണ്ട് തീയതികൾ മായ്ച് പുതിയ ലേബലുകൾ പതിക്കുന്ന പ്രവർത്തനങ്ങളും രേഖപ്പെടുത്തി. കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങൾ പുതിയത് പോലെ തോന്നിക്കാൻ മാറ്റം വരുത്തിയതായി കണ്ടെത്തി. ചില ഉൽപ്പന്നങ്ങളുടെ തീയതി രണ്ട് വർഷം വരെ നീട്ടിയിരുന്നു. ഇത്തരത്തിലുള്ള പ്രവൃത്തികൾ ജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നിയമലംഘനം നടത്തിയ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയും കുറ്റക്കാരെ പബ്ലിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തു. ഉപഭോക്താക്കൾ ഭക്ഷ്യവസ്തുക്കളുടെ കാലാവധി തീയതികൾ പരിശോധിക്കണമെന്നും സംശയകരമായ കാര്യങ്ങൾ അധികാരികൾക്ക് ഉടൻ അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
Tag: Four tons of expired food seized in Kuwait; strict action taken against traders