‘കൊറോണ വാക്സിൻ വീട്ടിലുണ്ടാക്കുന്നത് എങ്ങനെ?’ ഇന്ത്യക്കാർ ഗൂഗിളിൽ തിരയുന്നു.

ന്യൂഡൽഹി / മഹാമാരി വിതച്ച കൊടും ക്രൂരതയിൽ മനം നൊന്ത ജനതയുടെ ആശങ്ക നിറഞ്ഞ കാത്തിരിപ്പിനൊടുവിലാണ് കോവിഡ് പ്രതിരോധ വാക്‌സിൻ എന്നത് യാഥാർഥ്യത്തിലേക്ക് എത്തുന്നത്. രാജ്യത്ത് വാക്സിനേഷൻ ജനുവരി 16 മുതൽ ആരംഭിച്ചിരിക്കുന്നു. ഒന്നാംഘട്ട വാക്സിനേഷനാണ് ഇപ്പോൾ നടക്കുന്നത്. ഒരു കോടി ആരോഗ്യപ്രവർത്തകർക്കും, രണ്ട് കോടി മുൻനിരപ്രവർത്തകരും ഉൾപ്പെടെയുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്‌സിനേഷൻ നൽകുന്നത്.
രാജ്യം ഏറെ സന്തോഷത്തോടെയും ആശ്വാസത്തോടെയും കൊവിഡ് വാക്സിനേഷനെ സ്വീകരിക്കുമ്പോൾ, ഇന്ത്യക്കാർ ഗൂഗിളിൽ തിരഞ്ഞ മുഖ്യമായ ഒരു വിഷയമുണ്ട്. അതാണിപ്പോൾ എവിടെയും ചർച്ചയായിരിക്കുന്നത്. കൊറോണ വൈറസിനെതിരായ കോവിഡ് വാക്സിൻ എങ്ങനെ വീട്ടിൽ ഉണ്ടാക്കാമെന്നാണ് ഏറെപ്പേർ ഗൂഗിളിൽ തിരിഞ്ഞിരിക്കുന്നത്.

വാക്സിൻ വിതരണം തുടങ്ങിയതു മുതൽ കൊവിഡ് വാക്സിൻ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന ചോദ്യം ഗൂഗിൾ ട്രെൻഡിങ്ങിൽ മുന്നിലാണെന്നാണ് ദേശീയ ന്യൂസ് ചാനലായ ന്യൂസ്18 ന്റെ റിപ്പോർട്ട് പറയുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ച രാവിലെയും ഇന്ത്യക്കാർ ഏറെ ഇന്‍റർനെറ്റിൽ തിരഞ്ഞത് ഇക്കാര്യമാണെന്നാണ് ന്യൂസ്18 പറയുന്നത്. നേരത്തെ 2020 ജുലൈയിൽ ഇന്ത്യയിൽ കൊവിഡ് മഹാമാരി രൂക്ഷമായ സമയത്തും ഇതേ ചോദ്യം ഗൂഗിളിൽ ട്രെന്‍റിങ്ങായിരുന്നു എന്നതും ശ്രദ്ധേയം തന്നെ.

വീടുകളിൽ കൊവിഡ് വാക്സിൻ നിർമ്മിക്കുക എന്നത് സാധ്യമായ കാര്യമല്ല എന്നതാണ് യാഥാർഥ്യം. ഈ സത്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ഗൂഗിളിൽ ഇത്തരം ഒരന്വേഷണം ട്രെൻഡിങ് ആയി മാറിയത്. മാസങ്ങൾ നീണ്ട തീവ്ര പഠനങ്ങൾക്കും പരീക്ഷണങ്ങൾക്കും ശേഷമാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കൊവിഡ് വാക്സിൻ വികസിപ്പി ച്ചെടുത്തിരിക്കുന്നത്.സിറം ഇൻസ്റ്റിട്യൂട്ടിന്റെയും ഭാരത് ബയോ ടെക്കിന്റെയുമായി രാജ്യത്ത് നിലവിൽ രണ്ട് വാക്സിനുകൾക്ക് മാത്രമാണ് അനുമതി ലഭിച്ചിരിക്കുന്നത്. മറ്റു 4 വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് കൊവിഡ് വാക്സിൻ എങ്ങനെ വീടുകളിൽ നിർമ്മിക്കാമെന്നു ഇന്ത്യക്കാർ ഗൂഗിളിൽ തേടിയിരിക്കുന്നത്.
