കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം ശക്തമാണെന്ന് യുഎന്റെ റിപ്പോർട്ട്.

കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം ശക്തമാണെന്ന് യുഎന്റെ റിപ്പോർട്ട്. 150 മുതൽ 200 വരെ അൽ ഖായിദ ഭീകരർ ഇന്ത്യ, പാക്കിസ്ഥാൻ, മ്യാൻമർ, ബംഗ്ലദേശ്, എന്നിവിടങ്ങളിലുണ്ടെന്നും അവർ നിലവിലുള്ള മേഖലയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും യുഎൻ റിപ്പോർട്ടിൽ പരാമർശമുള്ളതായി വാർത്താ ഏജൻസിയായ പിടിഐ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് സംഘമാണ് ഐഎസ്, അൽ ഖായിദ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിറ്റിരിക്കുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അൽ ഖായിദയുടെ പ്രവർത്തനങ്ങൾ അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹെൽമന്ദ്, കാണ്ഡഹാർ എന്നിവിടങ്ങളിലെ താലിബാന്റെ നിയന്ത്രണത്തിലാണെന്നും,വിവിധ ഏഷ്യൻ രാജ്യങ്ങളിൽനിന്നായി 150 മുതൽ 200 വരെ ഭീകരരാണ് സംഘത്തിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഘത്തിന്റെ മുൻ നേതാവിന്റെ മരണത്തിനു മറുപടിയായാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഒസാമ മഹമൂദ് ആണ് ഭീകരരുടെ തലവൻ. ഐഎസിന്റെ ഇന്ത്യയിലെ വിഭാഗമായ ഹിന്ദ് വിലായയ്ക്ക് 180 മുതൽ 200 വരെ ഭീകരരുണ്ടെന്നാണ് റിപ്പോർട്ട് പറയുന്നത്. ഇതിൽ കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഉണ്ട്. ഇന്ത്യയിൽ ‘പ്രവിശ്യ’ സ്ഥാപിച്ചതായി കഴിഞ്ഞ മേയിൽ ഐഎസ് ഭീകരസംഘം പ്രഖ്യാപനം നടത്തിയിരുന്നതായും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടിയതിനു പിന്നാലെയാണ് ഇവരുടെ നീക്കങ്ങൾ സജീവമായിരിക്കുന്നതെന്നും, പുതിയ ശാഖയുടെ അറബിക് ഭാഷയിലുള്ള പേര് ‘വിലായ ഓഫ് ഹിന്ദ്’ (ഇന്ത്യ പ്രവിശ്യ) എന്നാണെന്നും അമാക് ന്യൂസ് ഏജൻസി വഴി ഭീകരർ അറിയിച്ചിട്ടുള്ളത്, റിപ്പോർട്ടിൽ പറയുന്നുണ്ട്.