ജലീലിനെ രക്ഷിക്കാൻ നോക്കിയാൽ സർക്കാരും വെട്ടിലാകും.

ലൈഫ് പദ്ധതി സംബന്ധിച്ച വിവാദങ്ങൾക്ക് ഒരു മറുപടി നൽകി രക്ഷപെടാൻ പറ്റുമോ എന്നാണ് സംസ്ഥാന സർക്കാർ നോക്കുന്നത്. വിവിധ വകുപ്പുകളുടെ പദ്ധതികൾ വിലയിരുത്താൻ മുഖ്യമന്ത്രി വിളിച്ച മന്ത്രിമാരുടെ യോഗത്തിലാണ് ഈ തീരുമാനം. എന്നാൽ ഇപ്പണി വിജയം കാണില്ല. ലൈഫ് പദ്ധതിയുടെ വസ്തുതകൾ ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തണമെന്നും തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത് അനിവാര്യമാണെന്നും യോഗത്തിൽ അഭിപ്രായം ഉണ്ടായിരിന്നു. പച്ചവെള്ളത്തിൽ സർക്കാരിന്റെ തനി നിറം മനസ്സിലാക്കിയ ജനത്തെ ചൂടുവെള്ളം കൊണ്ട് മുഖം കഴുകി ശുദ്ധമെന്നു കാണിക്കാനാണ് ഇക്കാര്യത്തിൽ സർക്കാർ നോക്കുന്നത്.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും മാധ്യമങ്ങളും പുകമറ സൃഷ്ടിക്കുന്നുവെന്നാണ് ഉപദേശകരിൽ ചിലർ വെളിപ്പെടുത്തിയിരിക്കുന്നത്. ഉപദേശക വൃന്ദത്തിന്റെ ഉപദേശകങ്ങൾ കേട്ട് നിറയെ പണികിട്ടിക്കഴിഞ്ഞ മുഖ്യമന്ത്രി ഇനിയും ഇവരെ വിശ്വസിച്ചിരു ന്നാൽ സംഗതി പാളുമെന്നു മാത്രമല്ല, കുഴിയിൽ പോയി വീഴുമെന്നാണ് നിലവിലുള്ള സംഭവ വികാസങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. ലൈഫ് പദ്ധതിയിൽ ഉയർന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ടെന്ന തരത്തിലുള്ള ചർച്ചകളാണ് യോഗത്തിലുണ്ടായത്. അതിനിടെയാണ് പോടുംനനെ കേന്ദ്രന്വേഷണം ഉണ്ടാകുന്നത്. നിലവിലുള്ള അവസ്ഥയിൽ ശിവശങ്കർ പോലെ തന്നെ മന്ത്രിജലീലിന്റെയും കൈയ്യൊഴിയേണ്ട അവസ്ഥായാണ് സർക്കാരിനുള്ളത്.
ലൈഫ് പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ മുഖ്യമന്ത്രി മന്ത്രിമാർക്കു നിർദേശം നൽകിയത്തിൽ ദുരൂഹത ഉണ്ടാക്കുന്നുണ്ട്. ഇതുവരെ വേഗം വേണ്ട എന്നുകരുതിയിരുന്ന പദ്ധതികൾക്ക് ഇപ്പോൾ വേഗം കൂട്ടാനൊരുങ്ങുമ്പോൾ ആണ് സംശയത്തിന്റെ കരിനിഴൽ വീഴുന്നത്. നൂറുദിവസത്തിനകം പദ്ധതികൾ പൂർത്തിയാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയ പദ്ധതികളും വേഗത്തിൽ പൂർത്തിയാക്കുമെന്നു പറയുമ്പോഴും, തീരദേശ പുനരധിവാസം വേഗം നടപ്പാക്കുമെന്നു പറയുമ്പോഴും ഒക്കെ
സംശങ്ങളുടെ നിഴൽ വീശുകയാണ്.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങളിൽ, മന്ത്രിമാര്‍ ജനങ്ങളിലേക്കിറങ്ങണമെന്ന് മുഖ്യമന്ത്രിയും, എം എൽ എ മാർ ഇറങ്ങണമെന്നു കോടിയേരിയും പറയുമ്പോൾ, പ്രതിപക്ഷത്തിന്റെയും, സോഷ്യൽ മീഡിയയുടെയും മാത്രമേ വായടക്കുവാൻ കഴിയുള്ളു. സത്യത്തിന്റെ വായടക്കാൻ കഴിയില്ല. വികസനപദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാന്‍ വിളിച്ച മന്ത്രിമാരുടെ യോഗത്തിലാണ് സർക്കാർ നിർദേശങ്ങൾ ഉണ്ടായത്. പ്രഖ്യാപിച്ച പദ്ധതികള്‍ ഡിസംബറിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചിരിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ മന്ത്രി കെ.ടി. ജലീല്‍ യുഎഇയില്‍ നിന്ന് സഹായം സ്വീകരിച്ചെന്ന പരാതിയില്‍ കേന്ദ്രധനമന്ത്രാലയത്തിന്റെ അന്വേഷണം പ്രഖ്യാപിച്ചിരിക്കെ അക്ഷരാർത്ഥത്തിൽ പ്രതിക്കൂട്ടിലായിരിക്കുന്നത് സംസ്ഥാന സർക്കാരാണ്. വിദേശനാണ്യ വിനിമയച്ചട്ടം ലംഘിച്ച വിഷയത്തിലാണ് ജലീലിനെതിരെയുള്ള അന്വേഷണം എന്നിരിക്കെ ഇനിയും ജലീലിനെ സംരക്ഷിക്കാനുള്ള ശ്രമം തുടർന്നാൽ അത് പിണറായി സർക്കാരിന്റെ ഭാവിയെ ആവും ബാധിക്കുക. കുടുങ്ങുന്നത് സർക്കാരാവും.
യുഎഇ കോൺസുലേറ്റിന്റെ റമസാൻ കിറ്റ് വിതരണവുമായി ബന്ധപെട്ടു കേന്ദ്രത്തിന് ലഭിച്ച പരാതിയിന്മേലാണ് ജലീമിനെതിരെ എൻ ഐ എ ഉൾപ്പടെയുള്ള കേന്ദ്ര ഏജൻസിയുടെ അന്വേഷണം ഉണ്ടാകുന്നത്. ഖുറാന്‍ വിതരണവുമായി ബന്ധപ്പെട്ടും ജലീല്‍ ആരോപണങ്ങൾ നേരിടുന്നുണ്ട്. വിദേശ നാണ്യ വിനിമയ ചട്ട ലംഘനം ഉണ്ടായിരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ പ്രാഥമിക നിഗമനം. അങ്ങനെയങ്കിൽ ഒരു സംസ്ഥാന മന്ത്രിയെ സംസ്ഥാന ഗവർണർ അയോഗ്യനാക്കുന്ന സാഹചര്യത്തിലേക്കായിരിക്കും കാര്യങ്ങൾ എത്തുക. അത്തരം ഒരു സ്ഥിതി വിശേഷം ഉണ്ടാകും മുൻപ് രാജ്യത്തിൻറെ ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത സംഭവത്തിൽ കുടുങ്ങിയ മന്ത്രിയെ സംസ്ഥാന മന്ത്രി സഭയിൽ നിന്ന് ഒഴിവാക്കി രക്ഷപെടുന്നതാവും നല്ലത്. അതിന് തയ്യാറാകാതിരുന്നാൽ സർക്കാരിന്റെ മൊത്തം ഭാവിയെ ആവും അത് കുരുക്കിലാക്കുക.
അതേസമയം, കോണ്‍സുലേറ്റുമായുള്ള ബന്ധത്തില്‍ ഏതന്വേഷണവും നേരിടാമെന്ന് ജലീല്‍ പതിനെട്ടാമത്തെ അടവും ഫേസ് ബുക്ക് വഴി തട്ടിവിട്ടിട്ടുണ്ട്. ഗൺമാന് കോവിഡ് സ്ഥിരീകരിച്ചതോടെ താൻ വീണ്ടും ക്വാറന്റീനിലായ വിവരവും ജലീൽ ഫേസ് ബുക്ക് വഴി വെളിപ്പെടുത്തിയിട്ടുണ്ട്.
യു എ ഇ കോൺസുലേറ്റ് വിതരണം ചെയ്ത റംസാൻ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് എനിക്കെതിരെ കേന്ദ്ര ധനകാര്യ മന്ത്രാലയം അന്വേഷണം നടത്താൻ തീരുമാനിച്ചതായി ദൃശ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് കാണാനിടയായി. ഏതന്വേഷണവും നേരിടാൻ ആയിരംവട്ടം തയ്യാർ. ഇക്കാര്യം ഞാൻ നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ഏത് ഏജൻസിക്ക് വേണമെങ്കിലും അന്വേഷിക്കാം. മടിയിൽ കനമില്ലാത്തവന് ആരെപ്പേടിക്കാൻ?
ഞാനും എൻ്റെ ഗൺമാനും ഡ്രൈവറും പതിനാല് ദിവസത്തെ ക്വോറണ്ടൈന് ശേഷം ഇന്ന് കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. എനിക്കും ഡ്രൈവർക്കും നെഗറ്റീവാണ്. ഗൺമാൻ്റെ ഫലം പോസിറ്റീവാണ്. അദ്ദേഹത്തെ ഉടൻ ആശുപത്രിയിലേക്ക് മാറ്റും. ഞാനടക്കമുള്ളവരോട് കോറണ്ടൈനിൽ പോവാൻ തിരുവനന്തപുരം ഡി.എം.ഒ അറിയിച്ചിട്ടുണ്ട്. ആർക്ക് എപ്പോൾ വേണമെങ്കിലും എന്നെ ഫോണിൽ ബന്ധപ്പെടാവുന്നതാണ്. എന്നാണു ജലീൽ ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്.